നാടിനെ നടുക്കിയ ക്രൂരത; ആലുവയില്‍ 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വിധി ശിശുദിനത്തിൽ

news image
Nov 13, 2023, 4:08 am GMT+0000 payyolionline.in

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാളെ ശിക്ഷ വിധി. കേസിൽ ബിഹാർ സ്വദേശി അസ്ഫാക്ക് ആലമാണ് ഏക പ്രതി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിശുദിനത്തിൽ ശിക്ഷ പറയുന്നത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം. ജൂലൈ 28 നാണ് ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആലുവ മാർക്കറ്റിന് സമീപം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

ജൂലൈ 28 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച ആ സംഭവം ഉണ്ടായത്. ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു. ഒക്ടോബര്‍ 4 ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി മിന്നല്‍ വേഗത്തില്‍ വിധി പറയുന്നത്. ബിഹാര്‍ സ്വദേശി അസ്‍ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. മൂന്നെണ്ണത്തിന് പരമാവധി വധ ശിക്ഷ വരെ ലഭിക്കാം.

കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയില കള്‍ക്കുള്ളില്‍ മൂടി. പ്രതിയെ അന്ന് തന്നെ പിടിയിരുന്നു. 50 ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഗക്കേസില്‍ പ്രതി മുമ്പും ജയിലില്‍ കിടന്നിട്ടുണ്ട്. ഇതടക്കം എല്ലാം പരിശോധിച്ചാണ്
എറണാകുളത്തെ പോക്സോ കോടതി വിധി പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe