പയ്യോളി: സത്യസന്ധതയുടെയും കാരുണ്യത്തിന്റെയും നേർക്കാഴ്ചയായി സുബീഷ് കാർത്തിക. വഴിയിൽ വീണുകിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി സുബീഷ് നാടിന് മാതൃകയായി.
ചൊറിയൻ ചാൽ, ചൂള പറമ്പ്, അറബിക് കോളേജ് എന്നിവിടങ്ങളിൽ സാധനങ്ങൾ ഡെലിവറി നടത്തുന്ന ഇരിങ്ങത്ത് സ്വദേശി നാലു പുരക്കൽ അനുജിത്തിനാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്റെ പേഴ്സ് നഷ്ടപ്പെട്ടത്. പണത്തിന് പുറമെ തിരിച്ചറിയൽ രേഖകളും മറ്റും അടങ്ങിയ പേഴ്സിനായി ഉടമ സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചിരുന്നു.
ഇതേത്തുടർന്ന്, തനിക്ക് ലഭിച്ച പേഴ്സിനെക്കുറിച്ചുള്ള വിവരങ്ങൾ പൊതുപ്രവർത്തകനും ചാത്തമംഗലം സ്വദേശിയുമായ സുബീഷ് കാർത്തിക ഉടമയെ അറിയിക്കുകയായിരുന്നു. പയ്യോളി ഡിവിഷൻ കൗൺസിലർ ഹൈറുന്നീസ, രവീന്ദ്രൻ നീലിമ എന്നിവരുടെ സാന്നിധ്യത്തിൽ സുബീഷ് പേഴ്സ് ഉടമയ്ക്ക് കൈമാറി.
സമൂഹത്തിന് വലിയൊരു സന്ദേശം നൽകിയ സുബീഷിന്റെ പ്രവൃത്തിയെ ചാത്തമംഗലം കൂട്ടായ്മ അഭിനന്ദിച്ചു. ഇത്തരം നന്മകൾ സമൂഹത്തിന് വലിയ പ്രചോദനമാണെന്നും കൂട്ടായ്മ അറിയിച്ചു.
നഷ്ടപ്പെട്ട പണവും രേഖകളും ഉടമയ്ക്ക് തിരികെ നൽകി സുബീഷ് കാർത്തിക മാതൃകയായി
Mar 12, 2026, 5:43 am GMT+0000
payyolionline.in
