നവജാത ശിശുവിൻ്റെ മരണം; റിപ്പോർട്ട് തേടി ജില്ലാ കളക്ടർ, യുവതിയെ വിശദ പരിശോധനയ്ക്ക് മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റും

news image
Dec 15, 2025, 7:38 am GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു. ഷോളയൂർ സ്വർണ്ണപിരിവിൽ സുമിത്രയുടെ മകനാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെ വീട്ടിൽ തന്നെ പ്രസവിക്കുകയായിരുന്നു. പിന്നാലെ അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു. സംഭവത്തില്‍ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. ജില്ലാ മെഡിക്കൽ ഓഫീസർ, ഐ.സി.ഡി.എസ് എന്നിവരോടാണ് കളക്ടർ റിപ്പോർട്ട്‌ തേടിയിരിക്കുന്നത്. ആശുപത്രിക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്സ്ഥിരമായി കുഞ്ഞ് മരിക്കുന്ന കാര്യത്തിൽ വിശദമായ പരിശോധനയ്ക്കായി സുമിത്രയെ മെഡിക്കൽ കോളജിലേക്ക് മാറ്റും. സുമിത്രയുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്. ഇതുവരെ നടന്ന പ്രസവങ്ങളിലെല്ലാം കുഞ്ഞുങ്ങൾ മരിച്ചിരുന്നു. ഇത്തവണ മാർച്ചിലായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നത്. എന്നാൽ ആറുമാസമായപ്പോൾ പ്രസവം നടന്നു, കുഞ്ഞ് മരിച്ചു. യുവതിയെ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിഷയത്തിൽ ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് സുമിത്രയെ വിശദ പരിശോധനയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe