നവകേരള ബസിന് നേ‍രെ ഷൂ എറി‍ഞ്ഞ് കെഎസ്‍യു പ്രതിഷേധം; കടുത്ത നിയമ നടപടിയിലേക്ക് പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി

news image
Dec 10, 2023, 12:39 pm GMT+0000 payyolionline.in

കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ  മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‍യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു ഷൂ എറിഞ്ഞുള്ള പ്രതിഷേധം. പ്രതിഷേധിച്ച നാല് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യോഗവേദിക്ക് സമീപം കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്-കെഎസ്‍യു പ്രവ‍ത്തകരെ ഡിവൈഎഫ്ഐക്കാർ മർദിച്ചു. ഏറിലേക്ക് പോയാൽ കടുത്ത നിയമ നടപടി നേരിടേണ്ടിവരുമെന്ന് തൊട്ടടുത്ത യോഗ സ്ഥലത്ത് മുഖ്യമന്ത്രി മറുപടി നൽകി.

പെരുമ്പാവൂർ പട്ടണത്തിലെ നവകേരള സദസ് വേദിക്ക് സമീപമായിരുന്നു യൂത്ത് കോൺഗ്രസ്–കെഎസ്‍യു പ്രതിഷേധം തുടങ്ങിയത്. വാഹന വ്യൂഹത്തിന് നേർക്ക് കരിങ്കൊടി വീശിയായിരുന്നു ആദ്യം പ്രതിഷേധം. ഓടിയടുക്കാൻ ശ്രമിച്ച പ്രവർത്തകർ ഡിവൈഎഫ്ഐക്കാർ തടഞ്ഞു. പിന്നെ മ‍ർദിച്ചു. യൂത്ത് കോൺഗ്രസ് – കെഎസ്‍യു പതാകകൾ ഡിവൈഎഫ്ഐക്കാർ പിടിച്ചെടുത്ത് കത്തിച്ചു. പിന്നാലെ പ്രതിഷേധക്കാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിലെ യോഗം കഴിഞ്ഞ കോതമംഗലത്തേക്ക് പോകുമ്പോൾ ഓടക്കാലിയിൽ വെച്ചായിരുന്നു നവകേരള ബസിന് നേർക്ക് ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലത്തെ പ്രസംഗത്തിന്‍റെ തുടക്കത്തിൽത്തന്നെ മുഖ്യമന്ത്രിയുടെ മറുപടിയുമെത്തി.

ഷൂ ഏറിലേക്ക് പോയാൽ മറ്റ് നടപടികളിലേക്ക് പോകേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസിനെത്തുന്നവർ ഒന്നിച്ച് ഊതിയാൽ പറന്ന് പോകുന്നവരേയുള്ള എറിയാൻ വരുന്നവരെന്നും പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസിനെ മറ്റൊരു രീതിയിൽ തിരിച്ചുവിടാൻ നീക്കം നടക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ ഇടപെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. സർക്കാരിനെ ദുർബലപെടുത്താനാനുള്ള രാഷ്ട്രീയ നീക്കമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe