നരിക്കുനിയിൽ 6 പേരെ കടിച്ചു പരുക്കേൽപിച്ച തെരുവുനായയ്ക്കു പേ വിഷ ബാധ

news image
Sep 22, 2023, 11:43 am GMT+0000 payyolionline.in

നരിക്കുനി: കാരുകുളങ്ങര, മൂർഖൻകുണ്ട് പ്രദേശത്ത് വിദ്യാർഥി ഉൾപ്പെടെ 6 പേരെ കടിച്ചു പരുക്കേൽപിച്ച തെരുവുനായയ്ക്കു പേ വിഷ ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് 3, 4 വാർഡുകളെ ഭീതിയിലാഴ്ത്തി തെരുവുനായ പരക്കം പാഞ്ഞ് ആളുകളെയും വളർത്തു മൃഗങ്ങളെയും കടിച്ചത്. കരിയാട്ടിച്ചാലിൽ മറിയ (60), കുഞ്ഞിപ്പെണ്ണ് (60), ഖദീജ (65), ഫർഹ ഫാത്തിമ (7), പാത്തുമ്മ പൂളക്കോട്ട് (62), എടക്കണ്ടി അഖില (25) എന്നിവർക്കാണ് പരുക്കേറ്റത്.

മുഖത്തും നെറ്റിയിലും ഗുരുതരമായി പരുക്കേറ്റ ഫർഹ ഫാത്തിമ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എല്ലാവർക്കും ആഴത്തിലുള്ള മുറിവാണ് ഉണ്ടായിട്ടുള്ളത്. കുഞ്ഞിപ്പെണ്ണിനു വയറ്റിലാണ് കടിയേറ്റിട്ടുള്ളത്. ഒരാൾക്ക് മാത്രമാണ് കൈക്ക് കടിയേറ്റത്. ശരീരത്തിൽ കടിച്ചു തൂങ്ങിയ നായയുടെ പിടിവിടുവിക്കാൻ കഠിന പരിശ്രമം തന്നെ നടത്തേണ്ടി വന്നു. കടിയേറ്റ ആടുകൾക്കും പശുവിനും അധികൃതർ ചികിത്സ നൽകിയിട്ടുണ്ട്.

മറ്റേതെങ്കിലും മൃഗങ്ങൾക്ക് കടിയേറ്റതായി സംശയം തോന്നിയാൽ അധികൃതരെ വിവരം അറിയിക്കണം. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു വേണ്ടി ഇന്ന് വൈകിട്ട് കാരുകുളങ്ങരയിൽ സർവകക്ഷി യോഗം വിളിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം അറിയിച്ചു. പൂക്കോട് വെറ്ററിനറി കോളജിൽ നടത്തിയ പരിശോധനയിലാണ് തെരുവുനായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe