ദില്ലി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം 17ലേക്ക് മാറ്റിവെച്ച് സുപ്രീംകോടതി. വിചാരണ എന്തായി എന്ന് അറിയിക്കാനും സുപ്രീംകോടതി നിർദേശം നൽകി. ദിലീപിന്റെ അഭിഭാഷകൻ പൾസർ സുനിയെ 95 ദിവസം ക്രോസ് വിസ്താരം ചെയ്തെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങൾ കാരണം ജാമ്യം നൽകണമെന്നാണ് പൾസർ സുനിയുടെ ആവശ്യം. കേസ് ഏഴ് കൊല്ലമായല്ലോ എന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു. ഇനി എത്ര സാക്ഷികളെ വിസ്തരിക്കണം എന്ന് അറിയിക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകി.
ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, എ.ജി മാസിഹ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏഴര വര്‍ഷമായി ജയിലിലാണെന്നും ജാമ്യം നല്‍കണമെന്നുമാണ് സുനിയുടെ വാദം. തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. നടൻ ദിലീപ് കൂടി പ്രതിയായ കേസിൽ
2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.