ദില്ലി: ദേശീയ കായിക പുരസ്കാരങ്ങളിൽ വീണ്ടും മാറ്റം. ആജീവനാന്ത അംഗീകാരത്തിനുള്ള ധ്യാൻചന്ദ് പുരസ്‌കാരം ഇനിയില്ല. പകരം അർജുന അവാർഡ് (ആജീവനാന്ത അംഗീകാരം) എന്ന പേരിൽ സമ്മാനിക്കും. കായിക മന്ത്രാലയം ധ്യാൻചന്ദ് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ‘അർജുന അവാർഡ് ലൈഫ് ടൈം’ എന്ന് പുനർനാമകരണം ചെയ്തു. അതേസമയം, 4 വർഷ കാലയളവിലെ മികവിനുള്ള അർജുന പുരസ്‌കാരം തുടരും.
പരമോന്നത കായിക ബഹുമതി രാജീവ് ഗാന്ധി ഖേൽ രത്ന എന്നതിന് പകരം മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന എന്ന് മാറ്റിയിരുന്നു. ഒളിമ്പിക് ഗെയിംസ്, പാരാലിമ്പിക് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ വിഭാഗങ്ങളിലെ വ്യക്തികൾക്കാണ് ധ്യാൻചന്ദ് ലൈഫ് ടൈം അവാർഡ് നൽകുന്നത്. 2023ൽ മഞ്ജുഷ കൻവാർ (ബാഡ്മിന്റൺ), വിനീത് കുമാർ (ഹോക്കി), കവിത സെൽവരാജ് (കബഡി) എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്. 2002-ൽ സ്ഥാപിതമായ ധ്യാൻചന്ദ് ലൈഫ് ടൈം അവാർഡ് പ്രശസ്ത ഹോക്കി ഇതിഹാസ താരം മേജർ ധ്യാൻചന്ദിൻ്റെ പേരിലാണ് അറിയപ്പെടുന്നത്. 2024-ലെ ദേശീയ കായിക പുരസ്കാരങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 14 ആണ്.