ധീരജ്‌ വധക്കേസ്‌; യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ നിഖിൽ പൈലിക്കെതിരെ അറസ്‌റ്റ്‌ വാറണ്ട്‌

news image
Sep 2, 2023, 6:57 am GMT+0000 payyolionline.in

ഇടുക്കി > എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ നിഖിൽ പൈലിക്കെതിരെ അറസ്‌റ്റ്‌ വാറണ്ട്‌. കേസ്‌ വിളിക്കുമ്പോൾ നിരന്തരം ഹാജരാകാത്തതിനെ തുടർന്നാണ്‌ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചത്‌. കുറ്റപത്രം വായിക്കുമ്പോഴും നിഖിൽ പൈലി കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ അറസ്‌റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌. അറസ്‌റ്റ്‌ വാറണ്ട്‌ നിലനിൽക്കെയാണ്‌ ഇയാൾ പുതുപ്പള്ളിയിൽ യുഡിഎഫ്‌ പ്രചാരണത്തിന്‌ എത്തിയതെന്നാണ്‌ വിവരം.

 

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനായി പ്രചാരണത്തിന്‌ കഴിഞ്ഞദിവസങ്ങളിൽ നിഖിൽ പൈലി എത്തിയിരുന്നു. നിഖിൽ പൈലി  പുതുപ്പള്ളിയിൽ യുഡിഎഫ്‌ പ്രചാരണം നയിക്കുന്നതിനെ ന്യായീകരിക്കുകയാണ്‌ സ്ഥാനാർഥി ചാണ്ടി ഉമ്മൻ ചെയ്‌തത്‌. നിഖിൽ പൈലി വന്നതിൽ എന്താണ് തെറ്റെന്നും നിഖിൽ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കൊലക്കേസിൽ പ്രതിയായ ശേഷമാണ്‌ യൂത്ത്‌ കോൺഗ്രസ്‌ ഔട്ട്‌റീച്ച്‌ സെൽ വൈസ്‌ ചെയർമാനായി നിഖിൽ പൈലിയെ നിയമിച്ചത്‌. ഔട്ട്‌റീച്ച്‌ സെൽ ദേശീയ ചെയർമാൻ ചാണ്ടി ഉമ്മനാണ്‌ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്‌.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും മറ്റ്‌ യൂത്ത്‌ – കോൺഗ്രസ്‌  നേതാക്കൾക്കുമൊപ്പമുള്ള  നിഖിൽ പൈലിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ, കെഎസ്‌യു ജില്ലാ സെക്രട്ടറി കട്ടപ്പന സ്വദേശി ജിതിൻ ഉപ്പുമാക്കൽ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ്‌ ചേലച്ചുവട് സ്വദേശി ടോണി തേക്കിലക്കാട്ട്‌, കെഎസ്‌യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കമ്പിളികണ്ടം തെള്ളിത്തോട്‌ നാണിക്കുന്നേൽ നിതിൻ ലൂക്കോസ്‌ എന്നിങ്ങനെ നേതാക്കൾ നേരിട്ട്‌ പങ്കെടുത്ത അപൂർവ കൊലപാതകമായിരുന്നു ധീരജിന്റേത്‌.

കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ്‌ കുത്തിയതെന്നും പ്രതികൾക്കെല്ലാം കുറ്റകൃത്യത്തിൽ ഒരേപോലെ പങ്കുണ്ടെന്നും റിമാൻഡ്‌ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe