ദോഷം മാറ്റാനെന്ന വ്യാജേന മന്ത്രവാദം; ചോറ്റാനിക്കരയിലെ മന്ത്രവാദിയെ വിളിപ്പിച്ച് പൊലീസ്, കേസുണ്ടോ എന്ന് പരിശോധിക്കും

news image
Oct 16, 2022, 8:38 am GMT+0000 payyolionline.in

കൊച്ചി: എറണാകുളം ചോറ്റാനിക്കരയിലെ മന്ത്രവാദിയുടെ വീട്ടിലേക്ക് സിപിഐ മാർച്ച്. ദോഷം മാറ്റാനെന്ന വ്യാജേന മന്ത്രവാദം നടത്തി, സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന പൊലീസിന്‍റെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. ചോറ്റാനിക്കര തലക്കോട് സ്വദേശി ജയരാജിന്‍റെ വീട്ടിലേക്കായിരുന്നു സിപിഐയുടെ പ്രതിഷേധം.

മരപ്പണിക്കാരനായിരുന്ന ജയരാജ് അഞ്ച് വർഷം മുമ്പാണ് മന്ത്രവാദത്തിലേക്ക് തിരിഞ്ഞത്. അതിനു മുന്നോടിയായി ജയാനന്ദ ശിവസുബ്രഹ്മണ്യമെന്ന് പേര് മാറ്റി. ദോഷങ്ങളും രോഗങ്ങളും മാറ്റാനുള്ള കഴിവുണ്ടെന്ന് പ്രചരിപ്പിച്ചു. നാടുനീളെ ഫ്ലക്സും വച്ചു.  മന്ത്രവാദം നടത്തി ജയരാജ് സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന ആരോപണം ഉണ്ടായിരുന്നെങ്കിലും പരാതിയായില്ല. പൊലീസ് തടഞ്ഞതുമില്ല. എന്നാൽ ഇലന്തൂരിലെ നരബലി വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ നാടുനീളെ മന്ത്രവാദികൾക്കും മന്ത്രവാദത്തിനും എതിരെ പ്രതിഷേധം ഉയർന്നതോടെ ജയരാജ് എന്ന ജയാനന്ദ ശിവസുബ്രഹ്മണ്യത്തിനും കഷ്ടകാലമായി. ആരോപണങ്ങൾ പൊടിതട്ടിയെടുത്ത പ്രദേശത്തെ സിപിഐക്കാർ, പ്രതിഷേധവുമായി രംഗത്തെത്തി.

മന്ത്രവാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തർക്കമായപ്പോൾ പൊലീസ് എത്തി. പൊലീസുമായുള്ള ചർച്ചയ്ക്കൊടുവിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രചാരണ ബോർഡുകൾ എടുത്ത് മാറ്റാമെന്ന് ജയരാജ് സമ്മതിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ജയരാജിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇയാളുടെ പേരിൽ കേസുകളുണ്ടോ എന്ന് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. കേസുകൾ ഉണ്ടെങ്കിൽ നടപടി എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe