ദുരിത ബാധിതരെ ക്യാമ്പിൽ നിന്ന് മാറ്റും, ഡിഎൻഎ പരിശോധന സ്വകാര്യ ലാബിൽ നടത്താമോ എന്ന് പരിശോധിക്കും: മുഖ്യമന്ത്രി

news image
Aug 6, 2024, 12:25 pm GMT+0000 payyolionline.in

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ ദൗത്യം നടക്കാതിരുന്ന സൺ റൈസ് വാലിയിലും ഇന്ന് തെരച്ചിൽ നടന്നുവെന്ന് പിണറായി പറഞ്ഞു. 81 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്കാരത്തിന് കൂടുതൽ സ്‌ഥലം ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചാലിയാറിൽ കൂടുതൽ പരിശോധനക്ക് നേവിയോട് ആവശ്യപ്പെടും. ‍ഡിഎൻഎ പരിശോധന സ്വകാര്യ ലാബിലും നടത്താമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിത ബാധിതരെ സ്കൂളിലെ ക്യാമ്പിൽ നിന്ന് മറ്റ് സ്ഥലം കണ്ടെത്തി മാറ്റും. ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാുള്ള നടപടി ആരംഭിക്കും. തെരച്ചിലിൽ തുടർനടപടി ചീഫ് സെക്രട്ടറി സൈന്യവുമായി ആലോചിച്ചു ചെയ്യും. തകർന്ന കെട്ടിടങ്ങളുടെ നഷ്ട പരിഹാരം നൽകാൻ തദ്ദേശ വകുപ്പ് കണക്ക് എടുക്കും. 2391 പേർക്ക് ഇത് വരെ കൗൺസിലിംഗ് നൽകിയെന്നും കുട്ടികളുടെ മാനസിക സംഘർഷം കുറക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാർ മല സ്കൂൾ പുനരധിവാസത്തിനുള്ള ടൗൺ ഷിപ്പിൽ തന്നെ പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe