ദിവ്യയുടെ ഭർത്താവ് പി. ശശിയുടെ ബിനാമി, മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളപ്പരാതിയുണ്ടാക്കുന്നു -പി.വി അൻവ‍ർ

news image
Oct 17, 2024, 8:25 am GMT+0000 payyolionline.in

പാലക്കാട്: എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി.വി. അൻവർ എം.എൽ.എ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വെറുതെ വന്ന് സംസാരിച്ചതല്ലെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിലെ വിവിധ ജില്ലകളിൽ ശശിക്ക് ബിനാമി ഇടപാടിൽ പെട്രോൾ പമ്പുകളുണ്ടെന്നും അതിൽ ഒരു ബിനാമിയാണ് ദിവ്യയുടെ ഭർത്താവെന്നും ആരോപിച്ചു.

‘ഒരുപാട് മാനസിക പീഡനങ്ങൾക്ക് ഇരയായി എ.ഡി.എം മരിച്ചിരിക്കുന്നു. സത്യസന്ധനായിരുന്ന അദ്ദേഹം പി. ശശിയുടെ ഇടപെടലുകളെ എതിര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ തന്നെ അഭ്യർഥന പ്രകാരമാണ് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കൊടുത്തത്. കണ്ണൂരിലെ ഈ സംവിധാനത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന മാനസികാവസ്ഥ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം സ്ഥലം മാറി പോകുന്ന ഘട്ടത്തിലാണ് എ.ഡി.എമ്മിന് ഒരു പണി കൊടുക്കണമെന്ന് ശശി ആലോചിക്കുന്നത്. ഇങ്ങനെയൊരു കൈക്കൂലിക്കാരനാണ് ഈ ജില്ലയിലേക്ക് ട്രാൻസ്ഫറായി വരുന്നതെന്ന് പൊതുസമൂഹത്തെ അറിയിക്കാനാണ് ദിവ്യയെ ശശി ഉപയോ​ഗിച്ചത്’ -പി.വി അൻവർ ആരോപിച്ചു.

ശശിയുടെ സ്വാർഥത ഇന്ന് മലയാളികൾക്കാകെ മാനസിക വിഷമമുണ്ടാക്കിയിരിക്കുകയാണ്. ആ കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ സർക്കാരിന് എന്ത് ചെയ്യാൻ കഴിയും. കൃത്യമായ അന്വേഷണവും ഇക്കാര്യത്തിൽ നടക്കുന്നില്ല. പമ്പുടമയിൽനിന്ന് നേരത്തെ പരാതി കിട്ടിയതായി കാണിച്ച് കള്ള രജിസ്റ്ററുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിക്കുത്. എ.ഡി.എമ്മിന്റെ ആത്മഹത്യ പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. ജുഡീഷ്യൽ അന്വേഷണം വേണം. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe