ദില്ലി വിമാനത്താവളത്തിലെ ടെർമിനലിൻെറ മേൽക്കൂര തകർന്ന് വീണ സംഭവം; ഒരാള്‍ മരിച്ചു, 3പേര്‍ക്ക് ഗുരുതര പരിക്ക്

news image
Jun 28, 2024, 5:28 am GMT+0000 payyolionline.in
ദില്ലി: കനത്ത കാറ്റിലും മഴയിലും ദില്ലി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റ ആറുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ ഒരാള്‍ മരിച്ചെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വ്യോമയാന മന്ത്രാലയം അറിയിച്ചു. മേല്‍ക്കൂര താഴെയുണ്ടായിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ടാക്സി ഡ്രൈവറാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കനത്ത മഴക്കിടെ ആഭ്യന്തര വിമാന ടെര്‍മിനലിലെ (ടെര്‍മിനല്‍ -1) മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. നിരവധി കാറുകളാണ് തകര്‍ന്നത്. കാറുകള്‍ക്കുള്ളിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്സും സിഐഎസ്എഫും എന്‍ഡിആര്‍എഫും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മേല്‍ക്കൂരയ്ക്ക് അടിയില്‍ കുടുങ്ങിയ വാഹനങ്ങള്‍ ഇതുവരെ മാറ്റിയിട്ടില്ല.

 

സംഭവത്തെതുടര്‍ന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വിമാനത്താവളം സന്ദര്‍ശിച്ചു. വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മരിച്ചവർക്ക് 20 ലക്ഷം നഷ്ടപരിഹാരം നൽകുമെന്നും ശക്തമായ മഴയെ തുടർന്നാണ് മേൽക്കൂര തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനമെന്നും കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. എയര്‍പോര്‍ട്ട് അധികൃതരും വ്യോമയാന മന്ത്രാലയവും അന്വേഷണം നടത്തുമെന്നും നിയമ നടപടി ഉണ്ടാകുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും മന്ത്രി വിശദീകരിച്ചു.

അപകടത്തെ തുടര്‍ന്ന് ദില്ലി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ സേവനങ്ങള്‍ ഉച്ചവരെ നിര്‍ത്തിവെച്ചു. ഇതിനിടെ, കനത്ത മഴയില്‍ ദില്ലിയിലെ പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഇന്നലെ രാത്രി മുതല്‍ പെയ്ത മഴയില്‍ മിന്‍റോ റോഡിലെ വെള്ളക്കെട്ടില്‍ ഒരു ലോറിയും കാറും കുടുങ്ങി. നഗരത്തില്‍ ഗതാഗത കുരുക്കും രൂക്ഷമായി തുടരുകയാണ്. പാൽ കൊണ്ട് പോകുന്ന ട്രക്ക് ആണ് വെള്ളത്തിൽ മുങ്ങി പോയത്. ദില്ലി പ്രഗതി മൈതാനിലെ ടണലിലും വെള്ളം കയറി. ഇതേ തുടര്‍ന്ന് ടണല്‍ അടച്ചിട്ടു. ജി20 നടന്ന കഴിഞ്ഞവർഷമാണ് ടണൽ ഉദ്ഘാടനം ചെയ്തത്. റോഡിലെ വെള്ളം ടണലിലൂടെ ഒഴുക്കി കളയുന്നതും വെള്ളക്കെട്ട് രൂക്ഷമാക്കി. ടണലിന്‍റെ നിർമ്മാണ അപാകതകളെക്കുറിച്ച്  നേരത്തെ വിവാദം ഉയർന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe