ദില്ലി: ഉഷ്ണതരംഗത്തിനും ജലപ്രതിസന്ധിക്കും പിന്നാലെ രാജ്യതലസ്ഥാനമായ ദില്ലിയിൽ വൈദ്യുതി പ്രതിസന്ധിയും രൂക്ഷം. 1,500 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്ന യുപിയിലെ മണ്ടോളയിലെ പവർ ഗ്രിഡിന് തീപിടിച്ചതിനെത്തുടർന്നാണ് തലസ്ഥാന നഗരത്തിൻ്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയതെന്ന് ദില്ലി വൈദ്യുതി മന്ത്രി അതിഷി പറഞ്ഞു. ഇന്ന് ദില്ലിയിൽ താപനില 42 ഡിഗ്രി കടന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:11 മുതൽ ദില്ലിയുടെ പല ഭാഗങ്ങളിലും വലിയ പവർ കട്ട് ഉണ്ടായി. ദില്ലിയിലേക്ക് 1,500 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്ന യുപിയിലെ മണ്ടോളയിലെ ഒരു പവർ ഗ്രിഡിന് തീപിടിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും അതിഷി പറഞ്ഞു. പുതിയ കേന്ദ്ര ഊർജ മന്ത്രിയുമായി കൂടിക്കാഴ്ച്ചക്ക് ശ്രമിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ അതിഷി രൂക്ഷമായ വിമർശനമുന്നയിച്ചു. ഗ്രിഡിൻ്റെ പ്രശ്നം തികച്ചും ആശങ്കാജനകമാണ്. ദില്ലിയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 8,000 മെഗാവാട്ടിൽ എത്തിയപ്പോൾ ഉണ്ടായ പവർ കട്ട് ദേശീയ അടിസ്ഥാന സൗകര്യങ്ങളുടെ പരാജയം കാരണമാണെന്നും അവർ പറഞ്ഞു. ദില്ലിയിൽ ജലപ്രതിസന്ധിയും രൂക്ഷമായിരുന്നു. ബിജെപി ഭരിക്കുന്ന ഹരിയാന സർക്കാർ ദില്ലിക്ക് അർഹതപ്പെട്ട വെള്ളം വിട്ടുനൽകുന്നില്ലെന്നാണ് എഎപിയുടെ ആരോപണം.ഇക്കാര്യത്തിൽ എഎപിയും ലഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേനയും തമ്മിൽ തർക്കമുണ്ടായി.
ജലപ്രതിസന്ധിയിൽ ഹരിയാനയെ കുറ്റപ്പെടുത്തരുതെന്ന് സക്സേന എഎപി മന്ത്രിമാരോട് ആവശ്യപ്പെട്ടു. തീവ്രവും അഭൂതപൂർവവുമായ ഉഷ്ണതരംഗത്തിനാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. ചില ദിവസങ്ങളിൽ താപനില 45 ഡിഗ്രിക്ക് അടുത്തെത്തി. നഗരത്തിൻ്റെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.