ദില്ലിയില്‍ യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ യുവാക്കളെ ചോദ്യം ചെയ്യുന്നത് തുടരുന്നു

news image
Jan 5, 2023, 3:07 am GMT+0000 payyolionline.in

ദില്ലി: പുതുവത്സര ദിനത്തില്‍ ദില്ലിയില്‍ യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ യുവാക്കളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. 5 പേരെയും മൂന്ന് ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അതിനിടെ അപകടം നടന്ന പ്രദേശത്ത് വേണ്ടത്ര സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് അലംഭാവം കാട്ടിയെന്ന പരാതിക്ക് ബലം പക‌ർന്ന് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

പൊലീസ് വാഹനം കഞ്ചാവാല റോഡിലൂടെ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികളെ അപകടം നടന്നയിടത്തെത്തിച്ച് തെളിവെടുപ്പ് നടപടികളും ഇന്ന് പൂ‌‌ർത്തിയാക്കിയേക്കും അ‍ഞ്ജലിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് കൂടുതല്‍ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെ രാത്രി ജന്ത‌ർ മന്തറില്‍ വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. അമൻ വിഹാർ സ്വദേശിനിയായ അഞ്ജലി സിംഗ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ അഞ്ജലിക്ക് സംഭവിച്ച പരിക്കുകളുടെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ദില്ലിയിലെ സുൽത്താൻപുരിയിൽ അർദ്ധരാത്രിയിൽ പുതുവത്സരാഘോഷങ്ങൾ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് സംഭവം  നടന്നത്.

കാറിനടിയില്‍ കുടുങ്ങി കിലോമീറ്ററുകളോളം വലിച്ചുകൊണ്ടുപോയതിനേ തുടര്‍ന്ന് അഞ്ജലിയുടെ ശരീരത്തിൽ 40 ഇടങ്ങളിൽ മാരകമായ രീതിയിൽ പരിക്കേറ്റിരുന്നു. തലയ്ക്ക് സംഭവിച്ചത് വളരെ ഗുരുതരമായ പരിക്കാണ്. കിലോമീറ്ററുകളോളം റോഡിലിൽ ശരീരും ഉരഞ്ഞ് തലച്ചോർ മൃതദേഹത്തിൽ നിന്നും വേർപെട്ട് കാണാതായി. നട്ടെല്ല് തകർന്നു. റോഡിൽ ഉരഞ്ഞ് പെൺകുട്ടിയുടെ ശരീരത്തിന്റെ പുറകുവശത്തെ തൊലി പൂർണമായി ഉരഞ്ഞു അടർന്നു. ഇരു കാലുകൾക്കും മാരകമായി പരിക്കേറ്റു. അപകടത്തിൽ പെൺകുട്ടിയുടെ കാലുകൾ ആദ്യം കാറിന്റെ ആക്സിലിലാണ് കുടുങ്ങിയത്. ഇടത് ടയറിന് സമീപമാണ് തല കുടുങ്ങിയത്. കിലോമീറ്ററുകളോളം അഞ്ജലിയുടെ ശരീരവും വലിച്ച് കാറ് മുന്നോട്ട് പോയതോടെ ത്വക്ക് ഭാഗം റോഡിൽ ഉരഞ്ഞില്ലാതായിയെന്നാണ് പുറത്ത് വരുന്ന വിവരം.

അപകടത്തിൽ അഞ്ജലി കാറിന് അടിയിൽ കുടുങ്ങി എന്നറിഞ്ഞിട്ടും യുവാക്കൾ വാഹനം മുന്നോട്ടെടുത്തുവെന്നാണ് അഞ്ജലിയുടെ സുഹൃത്ത് നിധി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അഞ്ജലി മദ്യപിച്ചിട്ടുണ്ടായിരുന്നു. താനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. അലറി വിളിച്ചിട്ടും യുവാക്കൾ കാർ നിർത്തിയില്ല. പേടിച്ചിട്ടാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും നിധി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe