ദമ്പതികളുടെ അക്കൗണ്ടിൽ നിന്ന് ഡ്രൈവർ പണം തട്ടിയ സംഭവം; എസ്.ബി.ഐ 97 നഷ്ടപരിഹാരം നൽകണം

news image
Sep 25, 2024, 1:42 pm GMT+0000 payyolionline.in

ന്യൂഡൽഹി: തെലങ്കാനയിൽ വൃദ്ധ ദമ്പതികളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡ്രൈവർ 63 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ എസ്.ബി.ഐ 97 ലക്ഷം നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ. ‘അനധികൃത ഇടപാടുകൾ’ അനുവദിച്ചതിനാണ് എസ്.ബി.ഐ നഷ്ടപരിഹാരം നൽകേണ്ടത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തെലങ്കാന സംസ്ഥാന ഉപഭോക്തൃ കമീഷനും ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷനും ദമ്പതികൾക്ക് അനുകൂലമായി വിധിയെഴുതിയത്.

2017ൽ സേവിങ്സ് അക്കൗണ്ട് തുടങ്ങി ഇവർ 40 ലക്ഷം നിക്ഷേപിച്ചു. 2019ലാണ് മൂന്ന് ലക്ഷം മാത്രമേ അക്കൗണ്ടിൽ ഉള്ളു എന്ന് മനസിലാകുന്നത്. യോനോ എസ്.ബി.ഐ ആപ്പും ദമ്പതികളുടെ ഫോണും ഉപയോഗിച്ചാണ് ഡ്രൈവർ പണം തട്ടിയത്. പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പണം നഷ്ടമായ വിവരമറിഞ്ഞ് ദമ്പതികൾ എസ്.ബി.ഐയെ സമീപിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

ദമ്പതികളുടെ ബാങ്ക് അക്കൗണ്ടിൽ 63,74,536 രൂപയുടെ 37 ഇടപാടുകൾ നടന്നതായി എസ്.ബി.ഐയെ പ്രതിനിധീകരിച്ച അഭിഭാഷകർ പറഞ്ഞു. ഓരോ ഫണ്ട് കൈമാറ്റവും ഉപഭോക്താവിന്‍റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒ.ടി.പി വഴിയാണ് ആധികാരികമാക്കിയത്. സേവിങ്സ് അക്കൗണ്ടിലെ ഇടപാടുകളുടെ അറിയിപ്പുകളും എസ്.എം.എസ് വഴി അയച്ചിരുന്നു. ഇതിനാൽ ഇവർക്ക് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് അഭിഭാഷകർ പറഞ്ഞു.

മൊബൈലിന്‍റെ അനധികൃത ഉപയോഗം തടയുകയും ബാങ്ക് വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടത് ഉപഭോക്താവിന്‍റെ ബാധ്യതയാണ്. എന്നാൽ ദമ്പതികൾ മൊബൈൽ, പിൻ നമ്പർ, മറ്റ് വിശദാംശങ്ങൾ എന്നിവ മറ്റുള്ളവരുമായി പങ്കിട്ടു. അതിനാൽ ഇടപാടുകൾ നടന്നത് അവരുടെ ഒത്താശയോടെയോ അല്ലെങ്കിൽ അശ്രദ്ധമൂലമോ ആണെന്ന് അഭിഭാഷകൻ പറഞ്ഞു.

എന്നാൽ ദമ്പതികളുടെ പ്രായവും സാങ്കേതിക പരിജ്ഞാനക്കുറവും കമീഷൻ എടുത്തുകാണിച്ചു. മോഷ്ടിച്ച ഫോണും ഡിലീറ്റ് ചെയ്ത ഇടപാട് അലേർട്ടുകളും ഡ്രൈവർക്ക് തന്‍റെ പ്രവൃത്തികൾ മറച്ചുവെക്കുന്നത് എളുപ്പമാക്കിയെന്നാണ് നിഗമനം. ഇന്‍റർനെറ്റ് ബാങ്കിങ് സൗകര്യം കാര്യക്ഷമത സുഗമമാക്കുന്നതിനുള്ള അധിക സൗകര്യമാണ് നൽകിയിരിക്കുന്നതെന്നും എന്നാലിത് ഉപഭോക്താക്കളായ വൃദ്ധ ദമ്പതികളെ പ്രതികൂലമായി ബാധിച്ചു. ഡ്രൈവർക്ക് അക്കൗണ്ട് നമ്പറും മറ്റ് വിശദാംശങ്ങളും പരിചയമുള്ളതുകൊണ്ടും മൊബൈൽ ഫോൺ ഉപയോഗിച്ച് പണം എളുപ്പത്തിൽ തട്ടിയെടുക്കാനായെന്നും കമീഷൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe