അഗർത്തല: ത്രിപുരയിൽ എച്ച്ഐവി ബാധിച്ച് 47 വിദ്യാർഥികൾ മരിച്ചു. 828 പേർക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ത്രിപുര എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഉദ്യോഗസ്ഥനാണ് കണക്കുകൾ പുറത്തുവിട്ടത്. 828 എച്ച്ഐവി ബാധിതരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 527 പേർ ജീവനോടെയുണ്ട്. 47 പേർ ഇതുവരെ മരണമടഞ്ഞു. നിരവധി വിദ്യാർഥികൾ ത്രിപുരയ്ക്ക് പുറത്തുപോയി താമസിക്കുന്നുണ്ട്- ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
220 സ്കൂളുകളിലും 24 കോളേജുകളിലും സർവകലാശാലകളിലുമായി നടത്തിയ വിവരശേഖരണത്തിൽ നിരവധി വിദ്യാർഥികൾ മയക്കുമരുന്ന് കുത്തിവയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വ്യക്തമാക്കി. ഇതിനു പുറമെ ഓരോ ദിവസവും അഞ്ചോളം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള 164 ആരോഗ്യകേന്ദ്രങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്.