തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവാണ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാർത്ഥിയെ നിപ ആശങ്കകളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.
നിപ വൈറസ് കോഴിക്കോട് വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് രണ്ട് ദിവസമായി കേരളം. ഇതുവരെ ആകെ അഞ്ച് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരിൽ 2 പേർ മരണമടഞ്ഞു. 3 പേർ കോഴിക്കോട്ട് ചികിത്സയിലാണ്. കോഴിക്കോട്ടെ ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു യുവാവിൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് ഏറ്റവും പുതിയ അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. എന്നാൽ ഒൻപത് വയസുകാരന്‍റെ നിലഗുരുതരമായി തുടരുകയാണ്. മോണോ ക്ലോണൽ ആന്‍റിബോഡി ഇന്ന് കോഴിക്കോട്ട് എത്തിക്കും.കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തും. മലപ്പുറം ജില്ലയും നിപ ജാഗ്രതയിലാണ്. മഞ്ചേരിയിൽ ഒരാൾ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്.
ഇന്ന് അവധി
നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) ഇന്നും നാളെയും (14.09.2023 &15.09.2023 തീയ്യതികളിൽ) അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല.