കോഴിക്കോട്: ആഗോളതലത്തിൽ യന്ത്രവൽക്കരണം തൊഴിലവസരം കുറയ്ക്കുമ്പോൾ ആധുനികവിദ്യക്ക് അനുസൃതമായ സാങ്കേതികവൈദഗ്‌ധ്യത്തിലൂടെ തൊഴിലും വേതനവും വർധിപ്പിക്കുന്ന ഊരാളുങ്കൽ സൊസൈറ്റി മികച്ച മാതൃകയാണെന്ന് എഴുത്തുകാരൻ എം മുകുന്ദൻ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റും സാമൂഹിക- രാഷ്ട്രീയപ്രവർത്തകനും ആയിരുന്ന പാലേരി കണാരൻ മാസ്റ്ററുടെ 39-ാം അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകുന്ദൻ.
പ്രത്യേക തൊഴിൽ സംസ്‌കാരം സൃഷ്ടിച്ചെടുത്ത സ്ഥാപനമാണ് ഊരാളുങ്കൽ.
മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഊരാളുങ്കലിന്റെ മാതൃകയാണെന്നും മുകുന്ദൻ പറഞ്ഞു.
നാദാപുരം റോഡിലെ സൊസൈറ്റി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ യുഎൽസിസിഎസ് വൈസ് ചെയർമാൻ വി കെ അനന്തൻ അധ്യക്ഷനായി. ഡയറക്ടർ പി പ്രകാശൻ അനുസ്മരണപ്രമേയം അവതരിപ്പിച്ചു.ജോലിസ്ഥലത്തെ മാനസിക പിരിമുറുക്കം എന്ന വിഷയത്തിൽ ഡോ. പി ടി സന്ദീഷ് ക്ലാസെടുത്തു.
ഡയറക്ടർമാരായ എം എ സുരേന്ദ്രൻ, സി വത്സൻ, എം പദ്മനാഭൻ, പി കെ സുരേഷ്ബാബു, കെ ടി കെ അജി, കെ ടി രാജൻ, ടി ടി ഷിജിൻ, മാനേജിങ് ഡയറക്ടർ എസ് ഷാജു, സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സിഇഒ പി പി ഭാസ്കരൻ, പുതിയാടത്തിൽ ചന്ദ്രൻ, ആർ മനേഷ്, കെ പി ഷാബു എന്നിവർ സംസാരിച്ചു.