തിരുവനന്തപുരം > അടിമുടി തൊഴിലാളിവർഗ രാഷ്ട്രീയം മുന്നോട്ടുവച്ച നേതാവായിരുന്നു ആനത്തലവട്ടം ആനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൊഴിലാളി മുന്നേറ്റങ്ങളുടെ ഉൾക്കരുത്തായ പോരാളിയെയാണ് സഖാവിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നതെന്ന് എം വി ഗോവിന്ദൻ കുറിപ്പിൽ പറഞ്ഞു. കയര്‍തൊഴിലാളികളുടെ കഷ്ടപ്പാടുകളും ഇല്ലായ്മകളുമാണ് ആനത്തലവട്ടമെന്ന ഉജ്ജ്വലനായ നേതാവിനെ രൂപപ്പെടുത്തുന്നതിന് കാരണമായതെന്നും അദ്ദേഹം അനുസമരിച്ചു.
ഒരണ കൂടുതല്‍ കൂലിക്കുവേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് സഖാവ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലെത്തുന്നത്. പിന്നീട് എണ്ണമറ്റ തൊഴിലാളിസമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ സഖാവ് പലവട്ടം ജയില്‍വാസവുമനുഭവിച്ചു. പാവപ്പെട്ടവരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ടിയുള്ള സമർപ്പിത ജീവിതമായിരുന്നു സഖാവിന്റെത്. ജനപ്രതിനിധിയെന്ന നിലയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞതും സാധാരണ മനുഷ്യരോടുള്ള ഈ അചഞ്ചലമായ കൂറാണ്.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുവാൻ സഖാവ് ആനത്തലവട്ടം അവസാനശ്വാസം വരെ നിലകൊണ്ടു എന്നതാണ് അദ്ദേഹത്തിന്റെ എക്കാലത്തേയും പ്രസക്തി. സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലും സി ഐ ടി യു അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന പ്രസിഡൻ്റ് തുടങ്ങി ഉത്തരവാദിത്തം വഹിച്ച എല്ലാരംഗത്തും സഖാവിന്റെ പ്രവർത്തനങ്ങൾ അതുല്യമായിരുന്നു. തൊഴിലാളി വർഗ മുന്നേറ്റത്തിനായി എക്കാലവും ഉയർന്ന ആ ശബ്ദം ഞങ്ങൾക്ക് കരുത്താണ്. നിലപാടുകളുടെ തെളിമ ഞങ്ങൾക്ക് ആവേശമാണ്.
വ്യക്തിപരമായും ആനത്തലവട്ടം അത്രയേറെ അടുത്ത ആത്മബന്ധം പുലർത്തിയ സഖാവാണ്. ആ സംഘടനാ പ്രവർത്തന മികവ് അടുത്തറിയുവാനും ഇടപെടലുകളിലെ കൃത്യത മനസ്സിലാക്കുവാനും സാധിച്ചുവെന്നത് വിലമതിക്കാനാവാത്ത അനുഭവമാണ്. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ എം വി ഗോവിന്ദൻ കുറിച്ചു.