തേനിയിൽ നിന്ന് കഞ്ചാവ് 10,000 രൂപയ്ക്ക് വാങ്ങി കേരളത്തിൽ 40,000 രൂപയ്ക്ക് വിൽക്കും; മംഗലാപുരം സ്വദേശികൾ പിടിയിൽ

news image
Dec 4, 2023, 6:45 am GMT+0000 payyolionline.in

കോഴിക്കോട്: വില്പനക്കായി എത്തിച്ച മൂന്ന് കിലോ നാന്നൂറ് ഗ്രാം കഞ്ചാവുമായി രണ്ട് മംഗലാപുരം സ്വദേശികളെ തിരുവമ്പാടി കൂടരഞ്ഞി ബസ്സ് സ്റ്റാൻഡിൽ വെച്ച് തിരുവമ്പാടി പോലീസും ജില്ല ഡാൻസഫും ചേർന്ന് പിടികൂടി. മംഗലാപുരം കൊണാജ്, ഗ്രാമചാവടി, പജീർ അംജദ് ഇക്തിയാർ (28), മംഗലാപുരം ജോക്കട്ടെ, നിഷ അപ്പാർട്മെന്റ്, അൻസാർ നവാസ് (28) എന്നിവരെയാണ് കൂടരഞ്ഞി ബസ്സ് സ്റ്റാൻഡിൽ വെച്ച്  പിടികൂടിയത്.

കോഴിക്കോട്, മലപ്പുറം, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് വേണ്ടി എത്തിച്ചതാണ് കഞ്ചാവ്. മുക്കം, താമരശ്ശേരി എന്നിവിടങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ട്. തമിഴ് നാട്ടിലെ തേനിയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചത്. കിലോക്ക് പതിനായിരം രൂപക്ക് തേനിയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് കിലോക്ക് നാൽപതിനായിരം വരെ രൂപയ്ക്കാണ് വില്പന നടത്തുന്നത്.

അംജദ് ഇക്തിയാർ നാലു വർഷം മുൻപ് ആന്ധ്രയിൽ കഞ്ചാവ് കേസിൽ ജയിലിൽ കിടന്നതാണ്. കക്കാടംപൊയിൽ കള്ളിപ്പാറ ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വില്പന. പ്രതികൾക്ക് മയക്കു മരുന്ന് എത്തിച്ചു നൽകിയവരെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.

തിരുവമ്പാടി എസ്.ഐ ബേബി മാത്യു, സി.പി.ഒ മാരായ രതീഷ് എൻ.എം, ലതീഷ്. ടി. കെ, ഡാൻസഫ് സ്‌ക്വാഡ് എസ്.ഐമാരായ രാജീവ്‌ ബാബു, ബിജു. പി, സീനിയർ സിപിഒ മാരായ ജയരാജൻ.എൻ.എം, ജിനീഷ്. പി.പി, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe