തെലങ്കാനയിലെ ഓപ്പറേഷൻ താമര; തുഷാറിന്റെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞു

news image
Nov 30, 2022, 4:16 pm GMT+0000 payyolionline.in

ഹൈദരാബാദ് : തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് താൽകാലിക ആശ്വാസം. തുഷാറിന്റെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞു. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണവുമായി സഹകരിക്കാൻ കോടതി തുഷാറിന്  നിർദ്ദേശം നൽകി. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തുഷാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സിംഗിൾ ബെഞ്ച് നിർദേശം.

കേസ് സിബിഐക്ക് കൈമാറണമെന്ന തുഷാറിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. നേരത്തെ ആരോഗ്യ കാരണങ്ങളാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നാണ് തുഷാർ തെലങ്കാന പൊലീസിനെ  അറിയിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതോടെ തുഷാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അതേ സമയം, തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ ജഗ്ഗു സ്വാമിയുടെ മൂന്ന് സഹപ്രവർത്തകർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വരുന്ന വെള്ളിയാഴ്ച പരിഗണിക്കും.കേസിൽ തെലങ്കാന പൊലീസിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വിശദീകരണം കോടതി തേടി. ഒളിവിലായ ജഗ്ഗു സ്വാമിയെ കണ്ടെത്താൻ സഹായിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായാണ് ഹർജിക്കാർ പറയുന്നത്.

ജഗ്ഗു സ്വാമിക്കൊപ്പം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുക മാത്രമാണെന്നും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അമൃത ആശുപത്രിയിലെ സഹപ്രവർത്തകരായ ശരത് മോഹൻ ഉൾപ്പടെ മൂന്ന് പേർ കോടതിയെ സമീപിച്ചത്. ബിജെപിക്ക് വേണ്ടി തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ഇടനിലക്കാരായി എന്ന കേസിൽ  തുഷാർ വെള്ളാപ്പള്ളി, ജഗ്ഗു സ്വാമി എന്നിവർ ഒളിവിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe