തൃശ്ശൂര്‍: തൃശ്ശൂരില്‍ ഇടിമിന്നലേറ്റ് പശു ചത്തു. ചേര്‍പ്പ് വള്ളിശ്ശേരി ഏഴ് കമ്പനി റോഡിലാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയായ പശുവാണ് ഇടിമിന്നലേറ്റ് ചത്തത്. കൈലാത്തു വളപ്പില്‍ രവിയുടെ വീട്ടിലെ പശുവാണ് ചത്തത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. രവിയുടെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തിലാണ് പശുവിനെ കെട്ടിയിട്ടിരുന്നത്. പശു തൊഴുത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലിൽ ഇവരുടെ വീട്ടിലെ ഇലക്ട്രിക് മീറ്റർ , സ്വിച്ച്, ബോർഡുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു. വീടിന്‍റെ ചുമരുകളും തകര്‍ന്നിട്ടുണ്ട്.
തൃശ്ശൂരില്‍ ശക്തമായ മഴ തുടരുകയാണ്. മഴക്കിടെ വൈദ്യുതാഘാതമേറ്റ് നാലുപേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍-വടക്കാഞ്ചേരി റെയില്‍വെ ലൈനില്‍ ആല്‍മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇതേതുടര്‍ന്ന് കണ്ണൂര്‍-ഇന്‍റര്‍സിറ്റി എക്സ്പ്രസ് വടക്കാഞ്ചേരി സ്റ്റേഷനില്‍ പിടിച്ചിട്ടു.കനത്ത മഴയിൽ ചേലക്കര നിയോജകമണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ മരം വീണ് അപകടമുണ്ടായി. മുള്ളൂർക്കരയിലും പാഞ്ഞാളിലും ദേശമംഗലത്തും മരം കടപുഴകി വീണു. മുള്ളൂർക്കരയിൽ രണ്ടു വീടുകൾക്കും കടകള്‍ക്കും മുകളിലൂടെ മരം വീണു നിരവധി പേർക്ക് പരിക്കേറ്റു.
വണ്ടിപറമ്പ് പ്രദേശത്താണ് വൈകുന്നേരതോടെ പെയ്ത മഴയിലും കാറ്റിലും വലിയ ആൽമരം പതിച്ചത്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പുറമ്പോക്ക് സ്ഥലത്തെ രണ്ടു വീടുകൾക്ക് മുകളിലേക്ക് ആൽ മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.പാഞ്ഞാളിൽ പൈങ്കുളം സെൻററിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. തിരുവഞ്ചിക്കുഴി ഭാഗത്ത് 3 വാഹനങ്ങൾക്ക് മുകളിലൂടെയും മരം വീണു. സംഭവത്തില്‍ ആളപായമില്ല.