തൃശൂര്‍: ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ദേവസ്വം കൗണ്ടറില്‍ നിന്നും പണം കവര്‍ന്ന കേസില്‍ ദേവസ്വത്തിന്റെ മുന്‍ താത്കാലിക ജീവനക്കാരനെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട കണ്‌ഠേശ്വരം സ്വദേശി അരുണ്‍ കുമാറിനെതിരെയാണ് (31) ദേവസ്വം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
രണ്ട് വര്‍ഷത്തോളം ദേവസ്വത്തില്‍ ഗുമസ്ത തസ്തികയില്‍ ഇയാള്‍ താത്കാലിക ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. കണക്കില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ദേവസ്വം ജീവനക്കാര്‍ തന്നെ നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയത്. ഓണ്‍ലൈന്‍ സ്റ്റേറ്റ്‌മെന്റില്‍ ഇയാള്‍ തിരുത്തലുകള്‍ നടത്തിയതായും വ്യക്തമായിട്ടുണ്ടെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.
നഷ്ടപ്പെട്ട പണത്തിന്റെ കണക്ക് പരിശോധിച്ച് വരുന്നതേയുള്ളൂ. വന്‍ തുക കവര്‍ന്നിട്ടുണ്ടെന്ന വിവരമാണ് ദേവസ്വം അധികൃതരില്‍ നിന്നും ലഭിക്കുന്നത്. അതേസമയം ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.