തൃശൂരിൽ വീണ്ടും അവയവക്കടത്ത് സംഘത്തിന്റെ വലവീശൽ; കരൾ നൽകിയാൽ 10 ലക്ഷം വാഗ്ദാനം ചെയ്ത് ഇടനിലക്കാരൻ, ശബ്ദരേഖ പുറത്ത്

news image
May 30, 2026, 6:52 am GMT+0000 payyolionline.in

തൃശൂർ: സംസ്ഥാനത്ത് അവയവക്കടത്തുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നതിനിടെ, തൃശൂരിൽ വീണ്ടും സജീവമായി അവയവക്കടത്ത് സംഘം വലവിരിക്കുന്നതായി സൂചന. സാമ്പത്തിക ബുദ്ധിമുട്ടുള്ള യുവതിയെ സമീപിച്ച് കരൾ നൽകിയാൽ പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത കൊടുങ്ങല്ലൂർ സ്വദേശിയായ ഇടനിലക്കാരന്റെ ശബ്ദരേഖ പുറത്തുവന്നു.

വളരെ പെട്ടെന്ന് തന്നെ ഇടപാടുകൾ പൂർത്തിയാക്കാമെന്നും നിലവിൽ തന്റെ കൈയിൽ ഇത്തരത്തിലുള്ള രണ്ട് മൂന്ന് കേസുകൾ വേറെയും വന്നിട്ടുണ്ടെന്നുമാണ് ഇടനിലക്കാരൻ യുവതിയോട് പറയുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് മറ്റ് റിസ്കുകൾ ഒന്നുമില്ലെന്ന് പറഞ്ഞ് യുവതിയെ വിശ്വസിപ്പിക്കാനും ഇയാൾ ശ്രമിക്കുന്നുണ്ട്.

കിഡ്നി ട്രാൻസ്പ്ലാന്റേഷൻ നിലവിൽ വലിയ പ്രശ്നമാണെന്നും എന്നാൽ കരൾ നൽകിയാൽ മൂന്ന് മാസം മാത്രം വിശ്രമിച്ചാൽ മതിയെന്നും പറഞ്ഞാണ് ഇടനിലക്കാരൻ യുവതിയെ അവയവദാനത്തിന് പ്രേരിപ്പിക്കുന്നത്. ഇതിനായി പത്ത് ലക്ഷം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

നേരത്തെയും തൃശൂർ കേന്ദ്രീകരിച്ച് സമാനമായ രീതിയിൽ അവയവക്കടത്ത് സംഘങ്ങൾ ആളുകളെ ഫോണിൽ ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു. അവയവ കച്ചവട മാഫിയക്കെതിരെ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്ന ഘട്ടത്തിലാണ്, പോലീസിനെയും അധികൃതരെയും വെല്ലുവിളിച്ചുകൊണ്ട് പുതിയ ഇടപാടുകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe