എറണാകുളം: തൃക്കാക്കര നഗരസഭാ പരിധിയിലെ രാത്രികാല നിയന്ത്രണ തീരുമാനത്തില്‍ നിന്ന് നഗരസഭ പിന്നോട്ട്. വിഷയം കൗൺസിലിന്‍റെ അജണ്ടയിൽ ഉൾപ്പെടുത്തിയില്ല. ചില കൗൺസിലർമാർ വിഷയം ഉന്നയിച്ചെങ്കിലും വിഷയം ചർച്ച ചെയ്തില്ല. പിന്നീട് ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് അധ്യക്ഷ വ്യക്തമാക്കി.ഇതോടെ രാത്രി 11 മണിക്ക് ശേഷം കടകൾ അടച്ചിടുന്നത് ഉടൻ നടപ്പാക്കില്ലെന്നുറപ്പായി.
വ്യാപാരികളും എക്സൈസും മറ്റും പങ്കെടുത്ത യോഗത്തിലെടുത്ത തീരുമാനത്തിനെതിരെ ഒരു വിഭാഗം ഹോട്ടലുടമകളും ടെക്കികളും രംഗത്തെത്തിയിരുന്നു. കച്ചവടം നഷ്ടപ്പടുമെന്നായിരുന്നു ഹോട്ടലുടമകളുടെ വാദം. ഐടി ഹബ്ബായ കാക്കനാട് രാത്രി ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ ഐടി മേഖലയിലെ ജീവനക്കാരും പ്രതിഷേധത്തിലായിരുന്നു. ലഹരി ഉപയോഗവും വിൽപനയും ചൂണ്ടിക്കാട്ടിയാണ് രാത്രി കടകൾ അടച്ചിടാനുള്ള തീരുമാനമെടുത്തത്.