ശബരിമല: മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വൻ വർധന. 30 വൈകിട്ട് മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നട തുറന്നത് മുതൽ ശബരിമലയിലേയ്‌ക്ക് തീർഥാടക പ്രവാഹമാണ്. പല ദിവസങ്ങളിലും തീർഥാടക എണ്ണം ലക്ഷം കടന്നു. ഇന്നലെയാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്. 1,02,916 പേരാണ് ഇന്നലെ ദർശനം നടത്തി മടങ്ങിയത്. പുല്ലുമേട് വഴി 5,396 പേരും സ്‌പോട് ബുക്കിങ് വഴി 25,449 പേരും എത്തി. ആദ്യ ആറ് ദിവസത്തിൽ മാത്രം അഞ്ചര ലക്ഷത്തോളം പേരാണ് ശബരിമലയിൽ എത്തിയത്.
ദിവസവും ശരാശരി ഒരു ലക്ഷത്തിൽ അധികം തീർഥാടകർ എത്തുമ്പോഴും എല്ലാവർക്കും സുഖ ദർശനമാണ് ലഭിക്കുന്നത്. തീർഥാടകർക്ക് ദീർഘ നേരം വരി നിൽക്കാതെ പടി കയറി ദർശനം നടത്താൻ കഴിയുന്നുണ്ട്. വരും ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം ഇനിയും ഉയരും. പരമ്പരാഗത കാനന പാതകൾ വഴി കാൽനടയായി എത്തുന്ന തീർഥാടകരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. വലിയ നടപ്പന്തൽ എപ്പോഴും തീർഥാടകരാൽ നിറഞ്ഞിരിക്കുന്നു. എങ്കിലും തീർഥാടകർക്ക് അരമണിക്കൂറിൽ കൂടുതൽ വരി നിൽക്കേണ്ടതായി വരുന്നില്ല.
മിനിറ്റിൽ പരാമാവധി ആളുകളെ പടികയറ്റി തിരക്ക് ഒഴുവാക്കുകയാണ് പൊലീസ്. 24 മണിക്കൂറിൽ ആകെ 10 മിനിറ്റ് മാത്രമാണ് തീർഥാടകർ പതിനെട്ടാംപടി ചവിട്ടാതെയുള്ളത്. നടയടച്ചിരിക്കുന്ന സമയങ്ങളിൽ പടി ചവിട്ടി വടക്ക് ഭാഗത്തു കൂടി മാളികപ്പുറത്തേക്കെത്തും. അവിടെ സജീകരിച്ചിട്ടുള്ള ക്യൂ കോപ്ലക്സിൽ അവരെ താമസിപ്പിക്കുകയും നടതുറക്കുമ്പോൾ ദർശനത്തിന് എത്തിക്കുകയുമാണ് ചെയ്യുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് ഡിവൈഎസ്‌പിമാരുടെ കീഴിൽ പത്ത് ഡിവിഷനുകളിലായി 1,470 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിലവിൽ നിയോഗിച്ചിട്ടുള്ളത്. മകരവിളക്കിനോട് അനുബന്ധിച്ച് ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നാൽ അതും പരിഗണിക്കും.
തിരക്ക് പരിഗണിച്ച് 13,14 തീയതികളിൽ വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ 13 ന് 50,000 ആയും 14 ന് 40,000 ആയും പരിമിതപ്പെടുത്തും. 13 ന് 5,000വും 14 ന് 1,000 പേർക്കും മാത്രം സ്പോട്ട് ബുക്കിങ് സൗകര്യം ക്രമീകരിക്കും. 15ന് വെർച്വൽ ക്യൂവിൽ 70,000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇവർ അന്നേ ദിവസം രാവിലെ ആറ് മണിക്ക് പമ്പയിൽ എത്തിയാൽ മതിയെന്ന് നിർദേശിച്ചിട്ടുണ്ട്. 15 ന് സ്പോട്ട് ബുക്കിങ് രാവിലെ 11 മണിക്ക് ശേഷം മാത്രമായിരിക്കും നടക്കുക.