തിരുവല്ലയിൽ പോത്ത് വിരണ്ടോടി; തളക്കാൻ ശ്രമിക്കുന്നതിനിടെ ഏഴുപേർക്ക് കുത്തേറ്റു

news image
Dec 10, 2025, 8:06 am GMT+0000 payyolionline.in

തിരുവല്ല: തിരുവല്ലയിലെ വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം ഏഴുപേർക്ക് പരിക്ക്. വളഞ്ഞവട്ടം സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് വിരണ്ട് ഓടിയത്. ബുധനാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.

വളഞ്ഞവട്ടം സ്വദേശികളായ ബ്ലസൻ, കുച്ചൻകുഞ്ഞ്, കുഞ്ഞുമോൾ, ബോബി, വിജയൻ, ദാസപ്പൻ, തിരുവല്ല ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വർഗീസ് ഫിലിപ്പ് എന്നിവർക്കാണ് പരിക്കേറ്റത്. വിരണ്ടോടുന്നതിനിടെ കണ്ണിൽ കണ്ടവരെ എല്ലാം പോത്ത് കുത്തി വീഴ്ത്തി. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.

പുളിക്കീഴ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഉച്ചക്ക് ഒന്നോടെ പോത്തിനെ തൽക്കാലികമായി തളച്ചിട്ടുണ്ട്. കഴുത്തിൽ കെട്ടിയിരുന്ന കയർ സമീപത്തെ മരത്തിൽ കെട്ടി പോത്തിനെ ശാന്തനാക്കി നിർത്തിയിരിക്കുകയാണ്. വലിയ വടം ഉപയോഗിച്ച് കാലുകൾ ബന്ധിക്കാനുള്ള ശ്രമത്തിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe