തിരുവല്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

news image
Jan 25, 2023, 12:44 pm GMT+0000 payyolionline.in

തിരുവല്ല: തിരുവല്ല നഗരസഭ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യരാണ് അറിയിച്ചത്.

നഗരസഭയിലെ വാര്‍ഡ് 34 (മേരിഗിരി), വാര്‍ഡ് 38 (മുത്തൂര്‍) എന്നിവിടങ്ങളിലെ ഓരോ വീടുകളിലെ കോഴികളില്‍ അസാധാരണമായ മരണനിരക്ക് ഉണ്ടാവുകയും പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഈ സ്ഥലത്തെ കോഴികളുടെ സാമ്പിള്‍ 17-ാം തീയതി ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍( എന്‍.ഐ.എച്ച്.എസ്.എ. ഡി) അയച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം ബുധനാഴ്ച ലഭ്യമായതിലാണ് പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും (എപ്പിസെന്റര്‍) ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും ഒരു കിലോമീറ്റര്‍ മുതല്‍ പത്ത് കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

തിരുവല്ല, ഓതറ (ഇരവിപേരൂര്‍), കവിയൂര്‍, പുറമറ്റം, പെരിങ്ങര, കുന്നന്താനം, കല്ലൂപ്പാറ, നിരണം, കുറ്റൂര്‍, നെടുമ്പ്രം, കടപ്ര എന്നീ പ്രദേശങ്ങളും പഞ്ചായത്തുകളുമാണ് നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുന്നത്. രോഗലക്ഷണം കാണപ്പെട്ടതിനെ തുടർന്ന് തുകലശ്ശേരി, കറ്റോട്, നെടുമ്പ്രം എന്നീ പ്രദേശങ്ങളിലെ ചില വീടുകളിൽ വളർത്തുന്ന കോഴികളുടെ സാമ്പിളുകളും പരിശോധനക്ക് എടുത്തിട്ടുണ്ട്. ഇത് അടുത്തദിവസം പരിശോധനക്കായി ഭോപ്പാലിലേക്ക് അയക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe