തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും മുംബൈയ്ക്ക് പുറപ്പെട്ട വിസ്താര വിമാനത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് സൂചന. വിമാനം മുംബൈയിൽ ലാൻഡ് ചെയ്ത ശേഷം മൂന്നു മണിക്കൂറോളം യാത്രക്കാരെ സുരക്ഷാ ജീവനക്കാർ പരിശോധിച്ചു. വിമാനത്തിൽ നടത്തിയ പരിശോധനയിലും ബോംബ് കണ്ടെത്താനായില്ല. വിമാനത്തിന്റെ ശുചിമുറിയിൽ ബോംബ് വച്ചിട്ടുണ്ട് എന്ന് എഴുതിയത് കണ്ട വിസ്താര ജീവനക്കാരാണ് സുരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
തുടർന്ന് വിമാനം ലാൻഡ് ചെയ്ത ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തുകയായിരുന്നു. ശുചിമുറിയിൽ ഇങ്ങനെ എഴുതി വച്ചത് ആരെന്ന് കണ്ടെത്താനായില്ല എന്നാണ് സൂചന. ജീവനക്കാരുടെയും യാത്രക്കാരുടെയും മുഴുവൻ വിവരങ്ങളും ശേഖരിച്ച ശേഷമാണ് പറഞ്ഞുവിട്ടത്. സുരക്ഷാ പരിശോധനകൾ നീണ്ടതിനാൽ വിദേശത്തേക്ക് പോകാൻ എത്തിയ പലർക്കും കണക്റ്റിംഗ് ഫ്ലൈറ്റുകൾ കിട്ടിയില്ല.