തിരുവനന്തപുരം: മൃഗശാലയിലെ പെൺ ഹനുമാൻ കുരങ്ങിനെ ഇനിയും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഹനുമാൻ കുരങ്ങ് ഇരിപ്പുറപ്പിച്ചിരുന്ന ആഞ്ഞിലി മരത്തിൽ ഇന്ന് രാവിലെ മുതൽ കുരങ്ങിനെ കണ്ടിരുന്നില്ല. പിന്നാലെ കുറവൻകോണം, അമ്പലമുക്ക് ഭാഗങ്ങളിൽ കുരങ്ങിനെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചിരുന്നു. ഇതോടെയാണ് ഹനുമാൻ കുരങ്ങ് വീണ്ടും മൃഗശാല വളപ്പിൽ നിന്ന് പുറത്തുകടന്നതായി സംശയമുയർന്നത്.
പിന്നീട് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഹനുമാൻ കുരങ്ങിനെ ഇനിയും കണ്ടെത്താനായിട്ടില്ല. മൃഗശാല വളപ്പിലും കുരങ്ങിനെ കണ്ടതായി സംശയിക്കുന്ന പ്രദേശങ്ങളിലും മൃഗശാല ജീവനക്കാർ പരിശോധന തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരീക്ഷാർത്ഥം തുറന്നുവിടുന്നതിനിടെ പെൺകുരങ്ങ് മരത്തിന് മുകളിൽ കയറി ചാടി രക്ഷപ്പെട്ടത്. പിറ്റേന്ന് മൃഗശാലയിലേക്ക് തന്നെ മടങ്ങിയെത്തിയ കുരങ്ങ് മരത്തിന് മുകളിൽ നിന്ന് താഴേക്കിറങ്ങാൻ കൂട്ടാക്കിയിരുന്നില്ല.