വഞ്ചിയൂർ: പേട്ട പൊലീസ് സ്റ്റേഷന് സമീപത്തെ തീപിടിത്തത്തിൽ രണ്ട് വാഹനം കത്തിനശിച്ചു. പൊലീസ് സ്റ്റേഷന് പിറകിലെ ട്രാൻസ്ഫോർമറിൽനിന്ന് തീപടർന്ന് വാഹനത്തിൽ പിടിക്കുകയായിരുന്നു. വിവിധ കേസുകളിൽ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് കത്തിയത്. രാത്രി 10.30ഓടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ചാക്ക, രാജാജി നഗർ അഗ്നിരക്ഷാ കേന്ദ്രത്തിൽനിന്നുള്ള മൂന്ന് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
ട്രാൻസ്ഫോർമറിൽനിന്ന് രാവിലെമുതൽ സ്പാർക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ കെഎസ്ഇബിയിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറുടെ നേതൃത്വത്തിൽ പരിശോധനയും നടത്തി. എൻജിനിയറുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് രാത്രിയിലുണ്ടായ തീപിടിത്തത്തിന്റെ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. സീനിയർ ഫയർ ഓഫീസർ ജി വി രാജേഷ്, ഫയർ ഓഫീസർമാരായ ശരത്, ദീപു, മനോജ്, ഷെറിൻ, സാം, അരുൺ, ഹാപ്പിമോൻ തുടങ്ങിയവരുടെ നേതത്വത്തിലാണ് തീയണച്ചത്.