തിരുവനന്തപുരം: ജനപ്രിയ സർവിസുകളായ തിരുവനന്തപുരം-കണ്ണൂർ (12082), കണ്ണൂർ-തിരുവനന്തപുരം (12081) ജനശതാബ്ദികൾ എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക്. കാലപ്പഴക്കവും അസൗകര്യവുമേറിയ കോച്ചുകൾക്ക് പകരമായാണ് എൽ.എച്ച്.ബി. തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന സർവിസ് സെപ്റ്റംബർ 29 മുതലും കണ്ണൂരിൽനിന്നുള്ള സർവിസ് 30 മുതലും പുതിയ റേക്കുകളിൽ ഓടിത്തുടങ്ങും.
കോച്ചുകൾ കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽനിന്ന് എത്തിക്കഴിഞ്ഞു. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എല്‍.എച്ച്.ബി കോച്ച് പ്രവര്‍ത്തിക്കുന്നത്. വീതി കൂടിയ സീറ്റും കാൽ നീട്ടി വെക്കാനുള്ള സ്ഥല സൗകര്യവുമാണ് പ്രധാന ആകർഷണം. ഓരോ കോച്ചിലും ഉയർന്ന വേഗത്തിലും കാര്യക്ഷമമായ ബ്രേക്കിങ്ങിന് അഡ്വാൻസ്ഡ് ന്യൂമാറ്റിക് ഡിസ്ക് ബ്രേക്ക് സിസ്റ്റം ഉണ്ട്. പരമ്പരാഗത കോച്ചുകൾ 100 ഡെസിബെൽ ശബ്ദം പുറപ്പെടുവിക്കുമ്പോൾ എൽ.എച്ച്.ബിക്ക് പരമാവധി 60 ഡെസിബെൽ ശബ്ദമേയുള്ളൂ.
വേണാട് അടക്കം ട്രെയിനുകൾ എൽ.എച്ച്.ബിയിലേക്ക് മാറിയിട്ടും ജനശതാബ്ദികൾ പരിഗണിക്കപ്പെട്ടിരുന്നില്ല. 10 വർഷത്തിലേറെ പഴക്കമുള്ള കോച്ചുകളുമായാണ് കണ്ണൂർ ജനശതാബ്ദി ഓടുന്നത്. കേരളത്തിൽ ആദ്യം തുടങ്ങിയ തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദികളും എൽ.എച്ച്.ബിയിലേക്ക് മാറ്റണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
2009 ലാണ് കോഴിക്കോട് ജനശതാബ്ദി ഓടിത്തുടങ്ങിയത്. 25 വർഷമാണ് ഒരു കോച്ചിന്‍റെ കാലയളവായി റെയിൽവേ കണക്കാക്കുന്നത്. ഇത്രയും വർഷം ഓടിക്കുമ്പോഴാണ് കോച്ചിന്‍റെ നിർമാണച്ചെലവ് ടിക്കറ്റ് വരുമാനത്തിൽനിന്ന് ലഭിക്കുക.
സുരക്ഷ മുൻനിർത്തിയാണ് സമയപരിധിയെത്തും മുമ്പേ കോച്ച് മാറ്റാൻ റെയിൽവേ തീരുമാനിച്ചത്. തിരുവനന്തപുരം ഡിവിഷനിലെ 70 ശതമാനം ദീർഘദൂര സർവിസും എൽ.എച്ച്.ബിയിലേക്ക് മാറിയിട്ടുണ്ട്. ദക്ഷിണ റെയിൽവേയിൽ എൽ.എച്ച്.ബി പരിഷ്കരണത്തിൽ ഒന്നാം സ്ഥാനത്താണ് തിരുവനന്തപുരം ഡിവിഷൻ