തിരഞ്ഞെടുപ്പ് പ്രചാരണം: കോഴിക്കോട്ട് 1000 കിലോ നിരോധിത പ്രിന്റിങ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

news image
Mar 24, 2026, 4:21 pm GMT+0000 payyolionline.in

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരോധിത പ്രിന്റിങ് വസ്തുക്കൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിൽ 1000 കിലോ നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ വിവിധ പ്രിന്റിങ് സ്ഥാപനങ്ങളിൽ പ്രത്യേക സംഘം നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. ക്യു.ആർ. കോഡ് പതിക്കാത്ത ഉൽപ്പന്നങ്ങളും പോളിസ്റ്റർ കലർന്ന തുണികളുമാണ് പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന ഉത്തരവ് പ്രകാരം 100 ശതമാനം കോട്ടൺ തുണിയിലോ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള പോളി എത്തിലിനിലോ മാത്രമേ പ്രചാരണ സാമഗ്രികൾ പ്രിന്റ് ചെയ്യാൻ പാടുള്ളൂ. എന്നാൽ വിപണിയിൽ തുണി എന്ന പേരിൽ വിൽക്കപ്പെടുന്നവയിൽ പലതും പോളിസ്റ്റർ മിക്സഡ് തുണിയും കൊറിയൻ ക്ലോത്തുമാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇവ ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്.

തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ്, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ സരിത്ത്, ഹെൽത്ത് ഇൻസ്പക്ടർമാരായ പി.എസ്. സവിത, ബി.വി. ശ്രീലത, ജെ.എച്ച്.ഐമാരായ പി.കെ. ശ്രീകുമാർ, എം. ഡിജിൽരാജ്, പി. വിജിന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe