കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഏകോപനത്തിനായി ‘എന്‍കോര്‍’ സോഫ്റ്റ്‌വെയറുമായി തിരഞ്ഞെടുപ്പ് കമീഷൻ. വരണാധികാരിയുടെ മേൽനോട്ടത്തിൽ നാമനിർദേശ പത്രിക നൽകുന്നതു മുതൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള എല്ലാ പ്രക്രിയകളും എന്‍കോർ സോഫ്റ്റ്‌വെയറിലൂടെ ഏകോപിപ്പിക്കാം.
സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശങ്ങള്‍, സത്യവാങ്മൂലങ്ങള്‍, വോട്ടര്‍മാരുടെ എണ്ണം, വോട്ടെണ്ണല്‍, ഫലങ്ങള്‍, ഡാറ്റ മാനേജ്‌മെന്റ് എന്നിവ നിരീക്ഷിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കാനും സോഫ്റ്റ്‌വെയറിലൂടെ വരണാധികാരികൾക്ക് സാധിക്കും. രാഷ്ട്രീയ റാലികള്‍, റോഡ് ഷോകള്‍, യോഗങ്ങള്‍ എന്നിവക്ക് അനുമതി ലഭിക്കുന്നതിന് ആവശ്യമായ വിവിധ വകുപ്പുകളുടെ ‘നോ ഒബ്ജക്ഷന്‍’ സര്‍ട്ടിഫിക്കറ്റും ഇതിലൂടെ ലഭ്യമാകും.
എൻകോർ സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചിട്ടുള്ള ‘സുവിധ’ പോര്‍ട്ടല്‍ മുഖേന സ്ഥാനാർഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നാമനിർദേശ പത്രികയുടെ വിശദാംശങ്ങള്‍, വോട്ട് എണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ അറിയാനാകും.