തിമിംഗലങ്ങള്‍ ചത്തുപൊങ്ങുന്നത് എന്തുകൊണ്ട്? കാരണം കണ്ടെത്താന്‍ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം

news image
Oct 25, 2023, 12:22 pm GMT+0000 payyolionline.in

കോഴിക്കോട്: തുടര്‍ച്ചയായി തിമിംഗലങ്ങള്‍ ചത്തുപൊങ്ങുന്നതിന്‍റെ കാരണം കണ്ടെത്താനുള്ള ദൗത്യവുമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം.  ഇതുസംബന്ധിച്ച വിശദമായ പഠനം സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം ആരംഭിച്ചു. ഒന്നരമാസത്തിനിടെ മൂന്നു നീല തിമിംഗലങ്ങളാണ് കോഴിക്കോട് ബീച്ചില്‍ കരക്കടിഞ്ഞത്. തുടര്‍ച്ചയായി തിമിംഗലങ്ങള്‍ ചത്തുപൊങ്ങുന്നതിന്‍റെ കാരണം വിശദമായി പഠിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ആവാസ വ്യവസ്ഥയിലെ മാറ്റവും മലിനീകരണവും ഉൾപ്പെടെ തിമിഗലങ്ങളെ ബാധിക്കുന്നുണ്ടോ  എന്നതടക്കം പഠന വിധേയമാകും.

ഇന്നലെ രാത്രി 9.30ഓടെയാണ് കോഴിക്കോട് ബീച്ചില്‍ വീണ്ടും നീല തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞത്. വെള്ളയിൽ ഹാർബറിലെ പുലിമുട്ടിൽ അടിഞ്ഞ ജഡം കരയ്ക്കെത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ഇന്ന് രാത്രിയോടെ ജഡം കുഴിച്ച് മൂടുമെന്ന് കോർപറേഷൻ വ്യക്തമാക്കി. ഏകദേശം 30 അടിയുള്ള ജഡം അഴുകി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ആഴ്ചകൾക്ക് മുമ്പ് ചത്തതാകാമെന്നാണ് കരുതുന്നത്. തിമിംഗലത്തിന്‍റെ വാലിൽ കയർ കുരുങ്ങിയ നിലയിലാണ്. മത്സ്യ ബന്ധന ബോട്ടിൽ നിന്ന് മറ്റോ കൂടുങ്ങിയതാകാമെന്നാണ് നിഗമനം.

ഉച്ചയോടെ ജഡം തീരത്തെത്തിച്ച് ഫിഷറീസ് വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും ചേർന്ന് പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂർത്തിയാക്കുകയായിരുന്നു. ഒന്നര മാസത്തിനിടെ ഇത് മൂന്നം തവണയാണ് കോഴിക്കോട് തിമിംഗലങ്ങൾ ചത്ത് പൊങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് പഠനം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിലും തിമിംഗലത്തിന്‍റെ ജഡം കരക്കടിഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe