തിക്കോടി റെയിൽവേ ഗുഡ്‌ഷെഡ് നിർമ്മാണം പുരോഗമിക്കുന്നു; തൊഴിൽ മേഖലയ്ക്ക് പുത്തൻ ഉണർവ്, അടിപ്പാതയ്ക്കും സാധ്യതയേറി

news image
Sep 4, 2026, 5:06 am GMT+0000 payyolionline.in

പയ്യോളി: റെയിൽവേ ഗുഡ്‌ഷെഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ വളർച്ച മുരടിച്ച തിക്കോടിയുടെ വ്യാവസായിക-തൊഴിൽ മേഖലയ്ക്ക് പുതിയ ഉണർവാകുമെന്ന് വിലയിരുത്തൽ. ദേശീയപാത വികസനത്തോടെ രണ്ടായി വിഭജിക്കപ്പെട്ട ടൗണിന്റെ പടിഞ്ഞാറു ഭാഗത്താണ് നിലവിൽ ഗുഡ്‌ഷെഡ് നിർമ്മാണം പുരോഗമിക്കുന്നത്.

വടകര റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായാണ് അവിടുത്തെ ഗുഡ്‌ഷെഡ് തിക്കോടിയിലേക്ക് മാറ്റാൻ തീരുമാനമായത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 150-ലധികം കയറ്റിറക്ക് തൊഴിലാളികൾക്ക് നേരിട്ട് തൊഴിൽ ലഭിക്കും. കൂടാതെ തിക്കോടി, വടകര, കൊയിലാണ്ടി മേഖലകളിലെ നൂറോളം ലോറികൾക്കും പതിവായി സർവീസ് നടത്താൻ അവസരമൊരുങ്ങും. വാണിജ്യ വാഹനങ്ങളുടെ വരവ് വർധിക്കുന്നതോടെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള പ്രാദേശിക കച്ചവട സ്ഥാപനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

ഗുഡ്‌ഷെഡ് പ്രവർത്തനം ആരംഭിക്കുന്നതോടെ മേഖലയിലേക്ക് വാഹനത്തിരക്കേറുമെന്നതിനാൽ തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. നിലവിൽ പാലൂർ ഭാഗത്ത് സ്ഥാപിച്ച ബോക്‌സ് ടൈപ്പ് അടിപ്പാത വലിയ വാഹനങ്ങൾക്കോ ആംബുലൻസിനോ പോലും കടന്നുപോകാൻ സൗകര്യമില്ലാത്തതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പുതിയ ഗുഡ്‌ഷെഡിന്റെ വരവോടെ ടൗണിൽ വലിയ അടിപ്പാത അനുവദിക്കാൻ റെയിൽവേ നിർബന്ധിതമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe