തിക്കോടി പഞ്ചായത്തിലെ സ്കൂളുകളിൽ ഔഷധസസ്യങ്ങൾ വിതരണം ചെയ്തു

news image
Sep 25, 2026, 4:34 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് ആയുഷ് എൻ.എച്ച്.എം. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ (PHC) നേതൃത്വത്തിൽ പഞ്ചായത്തിലെ തെരഞ്ഞെടുത്ത സ്കൂളുകളിൽ ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. തൃക്കോട്ടൂർ എ.യു.പി. സ്കൂൾ, പള്ളിക്കര എൽ.പി. സ്കൂൾ, പുറക്കാട് സൗത്ത് എൽ.പി. സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംയുക്ത ചടങ്ങ് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.

കുട്ടികളിൽ ഔഷധസസ്യങ്ങൾ നട്ടുവളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസരങ്ങളിൽ കാണുന്ന സസ്യങ്ങളുടെ ഔഷധഗുണങ്ങളെക്കുറിച്ചും അവ ഹോമിയോപ്പതി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും മെഡിക്കൽ ഓഫീസർ ഡോ. പ്രിയേന്ദു ടി.പി. ബോധവത്കരണ ക്ലാസ് എടുത്തു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ, വാർഡ് മെമ്പർ വാസു മാസ്റ്റർ, സജന ചെത്തിൽ, പ്രധാന അധ്യാപകരായ വിനോദൻ മാസ്റ്റർ (പള്ളിക്കര), ബിന്ദു ടീച്ചർ (തൃക്കോട്ടൂർ), സുഷമ ടീച്ചർ (പുറക്കാട്) എന്നിവരും മറ്റ് അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe