തിക്കോടി: തിക്കോടി ബീച്ചിൽ തിരയിൽപ്പെട്ട് മരണമടഞ്ഞ നാലുപേരിൽ മൂന്നുപേരുടെ സംസ്കാരം ഇന്ന് നടക്കും. കൽപ്പറ്റ സ്വദേശികളായ ബിനീഷ്, ഫൈസൽ, അനീസ, വാണി എന്നിവരാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി.
സി.പി.എം കൽപ്പറ്റ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗമായ ബിനീഷിൻ്റെ മൃതദേഹം കൽപ്പറ്റ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു. ബിനീഷിന്റെ ഭാര്യ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്. ഇവർ നാട്ടിലെത്തിയ ശേഷം സംസ്കാര ചടങ്ങുകൾ നാളെയാണ് നടക്കുക.
തിക്കോടി കല്ലകത്ത് ബീച്ചിൽ അഞ്ച് പേരാണ് ഞായറാഴ്ച തിരയിൽപ്പെട്ടത്. ഒരാൾ മാത്രം രക്ഷപ്പെട്ടു. വയനാട്ടിൽ നിന്നുള്ള 26 അംഗ വിനോദയാത്രാ സംഘത്തിൽപ്പെട്ടവരായിരുന്നു ഇവർ.