മലപ്പുറം∙ താനൂർ ബോട്ട് ദുരന്തത്തെകുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം പോർട്ട് ഓഫിസിൽനിന്ന് രേഖകൾ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ അറ്റ്‌ലാന്റിക് എന്ന ബോട്ടിന്റെ രേഖകളാണ് ബേപ്പൂരിലെ മാരിടൈം ഓഫിസിൽനിന്നു പിടിച്ചെടുത്തത്. അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേത്യത്വത്തിലായിരുന്നു പരിശോധന. ബോട്ടിന് ലൈസൻസ് നൽകിയതിൽ ഒട്ടേറെ കൃത്രിമത്വം നടന്നുവെന്നാണ് ആരോപണം.
മത്സ്യബന്ധന ബോട്ട് ലൈൻസൻസില്ലാതെയാണ് രൂപമാറ്റം വരുത്തിയതെന്ന് പ്രാഥമികമായി വ്യക്തമായിരുന്നു. പിന്നീടെങ്ങനെ ലൈസൻസ്, പ്രവർത്തിക്കാനുള്ള അനുമതി, വിനോദസഞ്ചാരികളെ കയറ്റാനുള്ള അനുമതി തുടങ്ങിയവ ലഭിച്ചുവെന്ന ചോദ്യം ഉയരുന്നുണ്ട്. സമാന്തരമായി ആലപ്പുഴയിലെ മാരിടൈം ഓഫിസിലും ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
ബോട്ട് ദുരന്തത്തിൽ മാരിടൈം ബോർഡിനെ പഴിചാരി നേവൽ ആർക്കിടെക്റ്റ് സുധീർ രംഗത്തെത്തി. മത്സ്യബന്ധന ബോട്ടാണോയെന്ന് പരിശോധിക്കേണ്ടത് മാരിടൈം ബോർഡാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബോട്ട് അപകടത്തിൽ ഇതുവരെ എട്ടുപേർ അറസ്റ്റിലായിട്ടുണ്ട്. വിനോദയാത്രാ ബോട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ 11 പേരടക്കം 22 േപരാണ് മരിച്ചത്. മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന ഫൈബർ വള്ളമാണ് 20,000 രൂപയ്ക്കു വാങ്ങഇ രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടാക്കിയത്. പരപ്പനങ്ങാടി – താനൂർ നഗരസഭാ അതിർത്തിയിലെ ഒട്ടുംപുറം തൂവൽ തീരത്തിനു സമീപം പുരപ്പുഴയിൽ ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു ബോട്ട് മുങ്ങിയത്. രാത്രി തന്നെ അവസാന മൃതദേഹവും കണ്ടെത്തിയിരുന്നു.