താനൂർ കസ്റ്റഡി മരണം ; സിബിഐ അന്വേഷണത്തിൽ സത്യം തെളിയുമെന്ന് കരുതുന്നു: ഹാരിസ് ജിഫ്രി

news image
Aug 10, 2023, 4:31 am GMT+0000 payyolionline.in

മലപ്പുറം: താനൂർ കസ്റ്റഡി മരണം സിബിഐക്ക് വിട്ട വിഷയത്തിൽ പ്രതികരണവുമായി താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി. സിബിഐ അന്വേഷണത്തിൽ സത്യം തെളിയുമെന്ന് കരുതുന്നു എന്ന് ഹാരിസ് ജിഫ്രി പറഞ്ഞു. ഇന്നലെ രാത്രിയാണ് താമിർ ജിഫ്രിയുടെ മരണം സിബിഐക്ക് വിട്ട സർക്കാർ ഉത്തരവുണ്ടായത്. നിലവിൽ  ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്.

പൊലീസിനെ മാറ്റി നിർത്തിയുള്ള അന്വേഷണമായിരുന്നു  കുടുംബം ആവശ്യപ്പെട്ടത്. അത് അംഗീകരിക്കപ്പെട്ടതിൽ സന്തോഷം. സത്യം പുറത്തറിയും വരെ വരെ കേസിന്റെ പിന്നാലെ ഉണ്ടാകുമെന്നും ഹാരിസ് ജിഫ്രി പറഞ്ഞു. അതേസമയം, താനൂർ കസ്റ്റഡി മരണത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാനൊരുങ്ങുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിക്കില്ല. കഴിഞ്ഞ ചൊവ്വ പുലർച്ചെയാണ് താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മരിച്ച താമിറിന് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. താമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളാണ് ഉള്ളത്. ഇടുപ്പ്, കാൽപാദം, കണംകാൽ എന്നിവിടങ്ങളിൽ പുറം ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് പാടുകൾ. മൂർച്ച ഇല്ലാത്തതും ലത്തി പോലുമുള്ള വസ്തുക്കൾ കൊണ്ടാണ് മർദ്ദനമേറ്റത്. ആമാശയത്തിൽ നിന്നും രണ്ട് പാക്കറ്റുകൾ കണ്ടെടുത്തു. ഇതിൽ ഒന്ന് പൊട്ടിയ നിലയിലാണ്. അമിത അളവിൽ  ലഹരി വസ്തു ശരീരത്തിൽ എത്തിയതും കസ്റ്റഡിയിലെ മർദ്ദനവും മരണ കാരണമായെന്നാണ് പോസ്റ്റ്മോട്ടം റിപ്പോര്‍ട്ടിലുളളത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെയാണ് സാരമായി ബാധിച്ചത്.

 

മരിച്ച് 12 മണിക്കൂറിന് ശേഷമാണ് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചത്. അത്രയും സമയം ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കാത്തത് രാസ പരിശോധനയെ ബാധിക്കുമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. താമിർ ഉൾപ്പെടെ അഞ്ചു പേരെ  എംഡിഎംഎയുമായി കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ  താനൂർ ദേവദാർ പാലത്തിൽ നിന്നും  കസ്റ്റഡിയിലെടുത്തുവെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നതെങ്കിലും തിങ്കളാഴ്ച വൈകിട്ട് ചേളാരിയിൽ നിന്നും കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. താനൂർ പോലീസ് സ്റ്റേഷൻ ചേളാരി എന്നിവിടങ്ങളിൽ നിന്നുള്ള നിർണായകമായ സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe