തിരൂരങ്ങാടി: താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച മമ്പുറം സ്വദേശി പുതിയ മാളിയേക്കല്‍ താമിര്‍ ജിഫ്രിയെ ആസൂത്രണത്തിലൂടെ കൊലപ്പെടുത്തിയതാണെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. എസ്.പിയുടെയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തെളിവ് നശിപ്പിക്കാനും താമിറിനെതിരെ കൃത്രിമ തെളിവ് സൃഷ്ടിക്കാനുമാണ് പൊലീസ് ശ്രമം.
ഇത്രയേറെ തെളിവുകള്‍ പൊലീസിലെ ഉന്നതര്‍ക്കെതിരെ വന്നിട്ടും ഒരുനടപടിയും ഉണ്ടാകാത്തത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. താഴെക്കിടയിലുള്ള പൊലീസുകാരെ പ്രതികളാക്കി ഉന്നതരെ സംരക്ഷിക്കാനാണ് പൊലീസും ക്രൈംബ്രാഞ്ചും ശ്രമിക്കുന്നത്.
യാഥാർഥ്യം മറച്ചുവെച്ച് കൃത്രിമ തെളിവുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. താമിറിനെ അടിച്ചുകൊന്നതിന് 11 ദൃക്സാക്ഷികളുണ്ട്. അവരെക്കൂടി ഭയപ്പെടുത്തി മൊഴിമാറ്റാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആഗസ്റ്റ് 19ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടുവരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തും. സമരത്തില്‍ എല്ലാവിഭാഗം രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിക്കാനും താമിര്‍ ജിഫ്രിയുടെ കുടുംബത്തെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ബഷീര്‍ മമ്പുറം അധ്യക്ഷത വഹിച്ചു. യു.എ. റസാഖ്, എം.ടി. മൂസ, പി.എം. റഫീഖ്, യാസര്‍ ഒള്ളക്കന്‍, സൈതലവി കാട്ടേരി, വി.ടി. അബ്ദുല്‍ സലാം, വി. അഷ്റഫ്, കെ.വി. അന്‍വര്‍, റിയാസ് കുതിരേടത്ത്, അബ്ദുറഹ്മാന് കാടേരി, കെ. റഷീദ്, പി.ടി. മഷ്ഹൂദ്, പി.കെ. ഹമീദ്, അഷ്റഫ് തയ്യില്‍, ഹുസൈന് നരിക്കോടന്‍, വി.വി. സുരേഷ്, സെമീല് കൈതകത്ത്, കെ. റിയാസ് എന്നിവർ സംസാരിച്ചു.