കോഴിക്കോട് : പി.സി.ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. കേരള മുഖ്യമന്ത്രിയാവണമെന്ന് എനിക്ക് തോന്നലുണ്ടായാൽ എന്നോട് സ്നേഹമുണ്ടെങ്കിൽ ചെയ്യേണ്ടത് എന്നെ ഊളം പാറയിൽ അഡ്മിറ്റ് ചെയ്യലാണ്. സ്നേഹമില്ലെങ്കിൽ എന്നെ പ്രോൽസാഹിപ്പിക്കണം. പോയി വീണോന്ന് പറയണം. അത്രയേ പി.സി. ജോർജിെൻറ കാര്യത്തിൽ മറുപടി പറയാനുള്ളൂ.
ഓരോരുത്തർക്കും അർഹതപ്പെടതുണ്ട്. അർഹതപ്പെടാത്തതുണ്ട്. ചുമ്മാതിരുന്ന് തവള വീർക്കുന്നത് പോലെ വീർത്തിട്ട് കാര്യമില്ല. വീർത്താൽ വയറ് പൊട്ടണതല്ലാതെ ഒരു റിസൾട്ടും ഉണ്ടാകില്ല. അയാളെ വിട്ടേര്. അയാളെ ഈ വാർത്തയിലൊക്കെ കൊണ്ടു നടക്കുന്നത് തന്നെ തെറ്റാണ്. എന്നോട് ജോർജിന് വിദ്വേഷമുണ്ട്. കാരണമെന്താണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഈഴവ ജാതികളെല്ലാം തെണ്ടികളാണെന്ന് വിളിച്ചില്ലെ. കൊല്ലത്ത് ഞങ്ങളുടെ കോളജിൽ സമരമുണ്ടാക്കിയില്ലെ. ഇതൊക്കെ എന്തിനാണ്. അയാളുടെ വിദ്വേഷത്തിെൻറ കാര്യം അയാൾക്ക് മാത്രമെ അറിയൂ.
മാണി സാറിനെ എന്തുമാത്രം ചീത്ത പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തെ കേരള കോൺഗ്രസാക്കിയ മാണി സാറിനെ ചീത്ത പറഞ്ഞതിന് കണക്കില്ല. അതുപുള്ളിയുടെ ശൈലിയാണ്. എല്ലാവരെയും ചീത്ത പറഞ്ഞിട്ടും ആരും തിരിച്ചു പറഞ്ഞിട്ടില്ല. ഞങ്ങളോട് ചീത്ത പറഞ്ഞപ്പോ, അൽപം ചീത്ത ഞങ്ങൾ വീട്ടിൽ ചെന്ന് പറഞ്ഞിട്ടുണ്ട്. പി.സി. ജോർജ് ബി.ജെ.പിക്ക് ഭാരമായോന്ന് കാലം കഴിയുമ്പോൾ മനസിലാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.