തിരുവനന്തപുരം: ഒറ്റരാത്രിയിലെ മഴകൊണ്ട് തലസ്ഥാനം വെള്ളക്കെട്ടിൽ മുങ്ങിപ്പോയതിനെത്തുടർന്ന് സംസ്ഥാനവും കേരളത്തിൽനിന്നുള്ള എം.പിമാരും കേന്ദ്ര സർക്കാറിനെ വിമർശിച്ച് രംഗത്തെത്തി. രാജ്യസഭാംഗം എ.എ. റഹീമാണ് ഏറ്റവുമൊടുവിൽ കേന്ദ്രത്തിനെതിരെ രംഗത്തുവന്നത്. റേഷൻ, റെയിൽവേ എന്നിവ പോലെ കാലാവസ്ഥയുടെ കാര്യത്തിലും കേന്ദ്ര സർക്കാറിന് കേരളത്തോട് കടുത്ത അവഗണനയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര സംവിധാനങ്ങൾ കാണിക്കുന്നത് ഗുരുതര അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി ആൻറണി രാജുവും കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. പ്രവചനം നടത്തേണ്ടവർ അതു ചെയ്യുന്നില്ലെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
ഓഖി ചുഴലിക്കാറ്റിൽ 91 പേർ മരിക്കുകയും 150 വീടുകൾ തകരുകയും ചെയ്തപ്പോൾ കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടിരുന്നു. അന്ന് മത്സ്യത്തൊഴിലാളികളുടെ രോഷമുയർന്നപ്പോൾ കേന്ദ്രം നൽകിയ അറിയിപ്പ് സംസ്ഥാന സർക്കാർ മാധ്യമങ്ങൾക്ക് നൽകിയെങ്കിലും അതു വേണ്ടവിധം റിപ്പോർട്ട് ചെയ്തില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം.
ഗൗരവത്തോടെയുള്ള മുന്നറിയിപ്പ് നൽകുന്നതിനുപകരം പതിവുപോലെ നൽകുന്ന പ്രവചനമാണ് അന്നും നൽകിയതെന്ന് സർക്കാറുകൾ സമ്മതിച്ചില്ല. പിന്നീട്, വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ, നേരിയമഴ സാധ്യത കാണുമ്പോഴേക്കും ‘കടലിൽ പോകരുതെന്ന’ മുന്നറിയിപ്പ് നൽകാൻ തുടങ്ങി.
ഇനിയൊരു ദുരന്തമുണ്ടായാൽ സർക്കാറിലേക്ക് പഴി വരരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഇതുവഴി നിരവധി തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ ഇപ്പോൾ സ്വാമിനാഥൻ ഫൗണ്ടേഷന്റെയും മറ്റു സ്വകാര്യ വെതർ ആപുകളുടെയും തനതു അറിവുകളുടെയും പിൻബലത്താലാണ് കടലിൽ പോകുന്നത്.
കടലിൽ പോകരുതെന്ന മുന്നറിയിപ്പ് നൽകുന്ന ദിവസം നഷ്ടപരിഹാരം നൽകുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാറിന്റെ വാദമെങ്കിലും തുച്ഛമായ തുകയാണ് കിട്ടുന്നത്. 2021ൽ ഇന്ത്യയുടെ കിഴക്കൻ ഭാഗത്തുകൂടെ കടന്നുപോയ യാസ് ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. കടലിൽ പോകുന്നതിന് വിലക്കുണ്ടായിരുന്നില്ല. എന്നാൽ, മേയ് 25നു വലിയ നാശനഷ്ടങ്ങളും വിഴിഞ്ഞം ഹാർബറിൽ മൂന്നുമരണവുമുണ്ടായി.