തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന്റെ സ്മാർട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെഎസ്ആർടിസി സ്വിഫ്റ്റിന് ഓണസമ്മാനമായി കൈമാറുന്നു. ആദ്യഘട്ടമായി 60 ഇ-ബസുകൾ 26നു വൈകീട്ട് 3.30നു ചാല ഗവ. മോഡൽ ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഫളാഗ് ഓഫ് ചെയ്യും. ബാക്കി ബസുകൾ ഒക്ടോബർ ആദ്യവാരത്തിനകം കൈമാറുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷും ഗതാഗതമന്ത്രി ആൻറണി രാജുവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് 104 കോടി രൂപ ചെലവിൽ 113 ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്. നിലവിൽ 50 ഇ- ബസുകൾ തിരുവനന്തപുരത്ത് സിറ്റി സർവീസായി ഓടുന്നുണ്ട്. ഇതോടെ തലസ്ഥാനനഗരിയിലെ മൊത്തം കെഎസ്ആർടിസി ഇ-ബസുകളുടെ എണ്ണം 163 ആകും.
തലസ്ഥാനം ഡീസൽ ബസുകളോട് വിടപറയും
ഘട്ടംഘട്ടമായി തിരുവനന്തപുരം നഗരത്തിലെ ഡീസൽ ബസുകൾ പിൻവലിച്ച് മുഴുവൻ ഇ- ബസുകൾ മാത്രമാക്കി തലസ്ഥാന നഗരിയിലെ മലിനീകരണം തീരെക്കുറച്ച് ഹരിത നഗരമാക്കി ആധുനികവൽക്കുന്നതിന്റെ ഭാഗമായാണ് ഹരിത വാഹനങ്ങളുടെ വരവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ആദ്യമായി നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ഹൈടെക് ബസുകളുടെ ഫ്‌ളാഗ് ഓഫ് ധനമന്ത്രി കെ എം ബാലഗോപാൽ നിർവഹിക്കും. ആദ്യ ഇ- ബസിന്റെയും ഹൈബ്രിഡ് ബസിന്റെയും താക്കോൽദാനം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സർക്കുലർ സർവീസ് ചിഹ്നത്തിന്റെ പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും ഐ ടി അധിഷ്ഠിത സേവനങ്ങളുടെ ആപ്പ്- മാർഗദർശിയുടെ പ്രകാശനം ശശി തരൂർ എംപിയും നിർവഹിക്കും.