തലശ്ശേരി: ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി തലശ്ശേരി റെയിൽവേ പോലീസും റെയ്ഞ്ച് എക്സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ എട്ട് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിൽ ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10-ന് മംഗളൂരു-കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിൻ കടന്നുപോയതിന് തൊട്ടുപിന്നാലെ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ട്രെയിനിലെത്തിയ ഏതോ യാത്രക്കാരൻ പരിശോധന കണ്ട് ഭയന്ന് ഉപേക്ഷിച്ചു കടന്നതാകാമെന്നാണ് പ്രാഥമിക സംശയം. സംഭവത്തിൽ റെയിൽവേ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആർ.പി.എഫ്. എസ്.ഐ. മനോജ്‌കുമാർ, ഹെഡ് കോൺസ്റ്റബിൾ ഇ.ടി.കെ. പവിത്രൻ, കോൺസ്റ്റബിൾ കെ. റിബേഷ്, ആർ.പി.എഫ്. ക്രൈം സ്ക്വാഡ് ഹെഡ് കോൺസ്റ്റബിൾമാരായ എം. ബൈജു, ടി. ബിജേഷ്, തലശ്ശേരി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ ജി. ആദർശ്, ഇൻസ്പെക്ടർമാരായ ടി. സന്തോഷ്, കെ.സി. ഷിബു, പ്രിവന്റീവ് ഓഫീസർമാരായ കെ. സുമേഷ്, കെ.പി. റോഷി, എം.കെ. പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി. രതീഷ്, കെ. സരിൻരാജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
