തലശ്ശേരി: നീണ്ട കാത്തിരിപ്പിനൊടുവിൽ തലശ്ശേരി-മാഹി ബൈപാസ് നിർമാണം നവംബർ 30നകം പൂർത്തിയാക്കാൻ ധാരണയായി. മാഹിപ്പാലത്തോട് ചേർന്നുകിടക്കുന്ന മാഹി റെയിൽവേ ഓവർ ബ്രിഡ്ജ് നിർമാണ സ്ഥലത്തടക്കം സ്പീക്കർ എ.എൻ. ഷംസീറും ഉന്നത ഉദ്യോഗസ്ഥരും സന്ദർശിച്ച ശേഷമാണ് നിർമാണ പ്രവർത്തികൾ മൂന്നു മാസത്തിനുള്ളിൽ പൂർത്തീകരിക്കാനുള്ള തീരുമാനത്തിലെത്തിയത്. പ്രവൃത്തികൾ സംബന്ധിച്ച് അവലോകനം നടത്തി. ആകെയുള്ള 42 കേഡറുകളിൽ 14 കേഡറുകളാണ് റെയിൽവേക്ക് കുറുകെയുള്ളത്. ഇതിൽ ഏഴ് കേഡറുകൾ സ്ഥലത്തെത്തി. ഇവയുടെ ഇജക്ഷൻ പ്രവൃത്തികൾ ആരംഭിച്ചു. ബാക്കിയുള്ള ഏഴ് കേഡറുകൾ ഈ ആഴ്ച തന്നെ എത്തിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയിട്ടുണ്ട്. റെയിൽവേ ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സ്പീക്കർ അറിയിച്ചു.
ദേശീയപാത പ്രോജക്ട് ഡയറക്ടർ അഷിതോഷ്, പ്രോജക്ട് കൺസൽട്ടന്റ് നായിഡു, മറ്റു ദേശീയപാത ഉദ്യോഗസ്ഥർ, സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എസ്.കെ. അർജുൻ, നിർമാണ കരാർ ഏറ്റെടുത്ത ഇ.കെ.കെ കൺസ്ട്രക്ഷൻ ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനത്തിനും അവലോകനത്തിനും പങ്കെടുത്തു.
ദേശീയപാത അറ്റകുറ്റപ്പണിക്ക് 14 കോടിയുടെ പദ്ധതി
തലശ്ശേരി: സൈദാർപള്ളി മുതൽ മാഹിപ്പാലം ഉൾപ്പെടെ ദേശീയപാത അറ്റകുറ്റപ്പണിക്ക് 14 കോടി രൂപയുടെ പ്രവൃത്തിക്കുള്ള പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു. ദേശീയപാത ഉന്നത ഉദ്യോഗസ്ഥരുമായി സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ കൂടിക്കാഴ്ചയിൽ എത്രയും വേഗം പ്രവർത്തനാനുമതി നൽകുമെന്ന് ഉറപ്പ് ലഭിച്ചു. സൈദാർപള്ളി മുതൽ മാഹിപ്പാലം വരെ ദേശീയപാത നവീകരിക്കാനും മാഹിപ്പാലം ബലപ്പെടുത്താനുമുള്ള പ്രവൃത്തികൾക്കാണ് 14 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുളളത്. ഇത് പ്രാവർത്തികമാവുന്നതോടെ തലശ്ശേരി-മാഹി ദേശീയപാതയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവും.