തലശ്ശേരിയിൽ കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തി അണുബാധ; യുവാവിന്‍റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി

news image
Mar 12, 2025, 12:43 pm GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തിയുണ്ടായ അണുബാധയെ തുടർന്ന് യുവാവിന്‍റെ കൈപ്പത്തി മുറിച്ചുമാറ്റി. കോശങ്ങളെ കാർന്നുതിന്നുന്ന അപൂർവ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് കാരണം. ഒരു മാസം മുമ്പാണ് മാടപ്പീടികയിലെ രജീഷിന്‍റെ കയ്യിൽ മീൻ കൊത്തി മുറിവുണ്ടായത്. അണുബാധയെ തുടർന്ന് വലതുകൈപ്പത്തി മുഴുവനായി മുറിച്ചുമാറ്റി.

ക്ഷീര കർഷകനാണ് രജീഷ്. വീടിനോട് ചേർന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിനെ മീൻ കൊത്തിയതും അണുബാധയുണ്ടായതും. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം. കടു എന്ന മീനാണ് കുത്തിയതെന്ന് രജീഷ് പറയുന്നു. വിരൽത്തുമ്പിൽ ചെറിയ മുറിവായിരുന്നു ഉണ്ടായിരുന്നത്. കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പുമെടുത്തു. ആദ്യം കൈ കടച്ചില്‍ പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് ആശുപത്രിയിൽ പ്രവേശിച്ചത്. മാഹിയിലെ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റി. അവിടെയെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ വ്യക്തമായതെന്നും രജീഷ് പറയുന്നു. ഗ്യാസ് ഗാൻഗ്രീൻ എന്ന ബാക്ടീരിയൽ അണുബാധയാണ് ബാധിച്ചത്. ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്നതാണ് ഈ അണുബാധ. വിരലുകളിൽ നിന്ന് കൈപ്പത്തിയിലേക്ക് പടർന്നിരുന്നു. അതിവേഗം കോശങ്ങളെ ഇല്ലാതാക്കുന്നതിനാൽ മുറിച്ചുമാറ്റാതെ രക്ഷയുണ്ടായില്ല. തലച്ചോറിനെ ബാധിക്കുമെന്നതിനാലാണ് കൈപ്പത്തി മുറിച്ചുമാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. മീൻ കൊത്തിയുണ്ടായ മുറിവിലൂടെ ബാക്ടീരിയ അകത്തുകയറിയതാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. കർഷകനായ രജീഷിന് കൈപ്പത്തി നഷ്ടമായതോടെ ജീവിതവും പ്രതിസന്ധിയിലായി. അണുബാധ പകർച്ചവ്യാധിയല്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരണം. എന്നാൽ ഗാസ് ഗ്യാൻഗ്രീൻ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയിൽ ചെളിവെള്ളത്തിൽ കാണമെന്നതിനാൽ, കരുതണമെന്നും നിർദേശമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe