തലശ്ശേരി: പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതിയെ തലശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. വടക്കുമ്പാട് ഗുംട്ടിക്ക് സമീപമുള്ള തളറോട്ട് വീട്ടില്‍ കെ.കെ. സജീറാണ് (41) അറസ്റ്റിലായത്.
14ന് ഉച്ചക്ക് പച്ചക്കറി മാര്‍ക്കറ്റിന് സമീപം പിണറായി സ്വദേശി സി. രാജേഷിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 58 എഫ് 8913 ടാറ്റാ ഓട്ടോയാണ് കവർന്നത്. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ ഓട്ടോ കണ്ണൂര്‍ ആയിക്കരയില്‍ സി.എച്ച് സെന്ററിന് സമീപത്തെ റോഡിലെ ഒരു കെട്ടിടത്തിനടുത്തായി നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. ഇവിടെയുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതിയെ പൊലീസ് കണ്ണൂര്‍ മാര്‍ക്കറ്റ് പരിസരത്തുനിന്ന് പിടികൂടിയത്. പ്രതിയുടെ ആധാര്‍ രേഖയില്‍ വീട്ടുപേര് പാട്യത്തെ വലിയപറമ്പത്ത് വീട്ടിലാണെന്നും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.