തരൂരിന്‍റെ പ്രകടനപത്രികയിലെ ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീരിന്‍റെ ഭാഗങ്ങള്‍ ഇല്ല

news image
Sep 30, 2022, 11:24 am GMT+0000 payyolionline.in

ദില്ലി: കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിയുടെ  തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇന്ത്യയുടെ ഭൂപടത്തില്‍ ഗുരുതര പിഴവ് എന്ന് റിപ്പോര്‍ട്ട്.  തരൂരിന്റെ പ്രകടനപത്രികയിൽ നിന്ന് ജമ്മു കശ്മീരിന്‍റെ ഒരു ഭാഗം ഇല്ലെന്നാണ് പ്രകടനപത്രികയുടെ ചിത്രം വ്യക്തമാക്കുന്നത്.

അതേ സമയം കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരചിത്രം വ്യക്തമായിട്ടുണ്ട്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗെ, ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എൻ.ത്രിപാഠി എന്നിവരാണ് ഇപ്പോള്‍ മത്സര രംഗത്ത് ഉള്ളത്.

തിരുവനന്തപുരം എംപിയായ ശശി തരൂരാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാര്‍ഗ്ഗേയുടെ പ്രധാന എതിരാളി. ഇന്ന് രാവിലെ എഐസിസി ആസ്ഥാനത്ത് എത്തി നാമനി‍ര്‍ദേശ പത്രിക സമര്‍പ്പിച്ച ശശി തരൂര്‍ പിന്നാലെ പ്രചാരണ പത്രികയും പുറത്തിറക്കിയിരുന്നു. ഈ പ്രകടന പത്രികയിലാണ് ഇപ്പോള്‍ പ്രശ്നം കണ്ടെത്തിയത്.

കോൺഗ്രസിനെ കുറിച്ച് തനിക്കൊരു കാഴ്ചപ്പാട് ഉണ്ട് , അത് വിശദീകരിക്കുന്ന പ്രകടനപത്രികയാണ് ഇന്ന് പുറത്തിറക്കിയിട്ടുണ്ട്. പാർട്ടിയെ നവീകരിക്കാനുള്ള നിർദ്ദേശങ്ങൾ പദ്ധതികൾ എല്ലാം ഇതില്‍ വിശദീകരിക്കുന്നുണ്ട്. എന്‍റെ ശബ്ദം ഒരാളുടെ ശബ്ദമല്ല, പാർട്ടി തിരഞ്ഞെടുപ്പുകൾ മത്സരിക്കുന്ന ഒരു യന്ത്രം മാത്രമല്ല. ജനങ്ങളെ സേവിക്കേണ്ട ഉത്തരവാദിത്തം കൂടി പാര്‍ട്ടിക്കുണ്ടെന്ന് ശശി തരൂര്‍ പ്രകടനപത്രിക നല്‍കിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് പ്രസിഡന്‍റ് ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്ന് പറഞ്ഞതാണ്, തുടർന്നാണ് മത്സരിക്കാൻ തീരുമാനിച്ചത്, തന്നെ പിന്തുണച്ചവരെ നിരാശരാക്കില്ല. സോണിയയേയും രാഹുലിനോടും താൻ സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പാർട്ടിക്ക് നല്ലതാണ് എന്ന് അവർ പറഞ്ഞു. പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള ഒരു കാഴ്ചപ്പാട് ആണ് ഞാൻ മുന്നോട്ട് വയ്ക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

പിന്തുണച്ചവർക്കെല്ലാം നന്ദി അറിയിക്കുന്നതായി പത്രികാ സമര്‍പ്പണത്തിന് ശേഷം ഖാർഗെ പറഞ്ഞു. നിരവധി നേതാക്കൾ തന്നെ പിന്തുണച്ചു. കുട്ടിക്കാലം മുതൽ കോൺഗ്രസിനായി നിലകൊണ്ടയാളാണ് ഞാൻ. കോൺഗ്രസിന്റെ ആശയത്തിനൊപ്പമാണ് എന്നും നിലകൊണ്ടത്. എല്ലാ വോർട്ടർമാരും തനിക്കായി വോട്ട് ചെയ്യണം. ഇന്ദിര ഗാന്ധിയെ പോലുള്ള നേതാക്കളിൽ നിന്ന് കിട്ടിയ ഊർജമാണ് തന്നെ കോൺഗ്രസ് നേതാവാക്കിയതെന്നും ഖാര്‍ഗ്ഗെ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേ രാജിവച്ചേക്കും. അധ്യക്ഷ തെരഞ്ഞെടുപ്പിന് മുൻപായി രാജിയുണ്ടാവുമോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ഹൈക്കമാൻഡിന്‍റെയും ജി 23 നേതാക്കളുടേയും പിന്തുണയോടെയാണ് ഖാര്‍ഗ്ഗേ മത്സരിക്കാൻ ഇറങ്ങുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe