തമിഴ്‌നാട് നിയമസഭയിൽ ദേശീയഗാനം ആലപിച്ചില്ല; നയപ്രഖ്യാപന പ്രസംഗം നടത്താതെ സഭവിട്ട് ഗവർണർ

news image
Jan 6, 2025, 8:16 am GMT+0000 payyolionline.in

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ തുടർച്ചയായ മൂന്നാം വർഷവും നയപ്രഖ്യാപന പ്രസംഗത്തിൽ ഉടക്കിട്ട് ഗവർണർ ആർ.എൻ. രവി. ദേശീയഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് ഗവർണർ പ്രസംഗിക്കാതെ ഇറങ്ങിപ്പോയി. തമിഴ്നാട്ടിലെ കീഴ്വഴക്കമനുസരിച്ച് നിയമസഭയിൽ സംസ്ഥാന ഗീതമായ തമിഴ് തായ്‍വാഴ്ത്താണ് ആലപിക്കാറുള്ളത്. എന്നാൽ ഇതിനു ശേഷം ദേശീയ ഗാനം ആലപിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയും സ്പീക്കറും തയാറായില്ലെന്ന് രാജ്ഭവൻ പറയുന്നു. ഭരണഘടനയേയും ദേശീയഗാനത്തെയും അവഹേളിക്കുന്ന ഒരിടത്ത് തനിക്ക് നിൽക്കാൻ കഴിയില്ല എന്നു പറഞ്ഞ് ഗവർണർ ഇറങ്ങിപ്പോകുകയാണുണ്ടായത്.

“തമിഴ്‌നാട് നിയമസഭയിൽ ഇന്ന് വീണ്ടും ഭാരതത്തിന്റെ ഭരണഘടനയും ദേശീയഗാനവും അവമതിക്കപ്പെട്ടു. ദേശീയഗാനത്തെ അംഗീകരിക്കുക എന്നത് നമ്മുടെ ഭരണഘടനയിൽ നിർദേശിക്കുന്ന ഒന്നാമത്തെ അടിസ്ഥാന കടമയാണ്. ഗവർണറുടെ പ്രസംഗത്തിന്റെ ആരംഭത്തിലും അവസാനത്തിലും ദേശീയഗാനം ആലപിക്കണം. ഇന്ന് ഗവർണർ എത്തിയപ്പോൾ തമിഴ്ത്തായ് വാഴ്ത്തുക്കൾ മാത്രമാണ് ആലപിച്ചത്. ദേശീയഗാനം ആലപിക്കാനായി മുഖ്യമന്ത്രിയെടും നിയമസഭാ സ്പീക്കറോടും അദ്ദേഹം അഭ്യർഥിച്ചു. എന്നാൽ അവർ തയാറായില്ല. ഇത് വളരെ ആശങ്കാജനകമായ കാര്യമാണ്. ഭരണഘടനയും ദേശീയഗാനവും അവമതിക്കപ്പെടുന്നു എന്നതിനാൽ ഗവർണർ കടുത്ത വേദനയോടെ നിയമസഭ വിട്ടു” -രാജ്ഭവൻ എക്സിൽ കുറിച്ചു.

കഴിഞ്ഞ രണ്ട് വർഷവും നയപ്രഖ്യാപനം വായിച്ചുവെന്നെങ്കിലും വരുത്തിയിരുന്ന ഗവർണർ, ഇത്തവണ അതിനുപോലും മുതിരാതെയാണ് നിയമസഭാ മന്ദിരത്തിൽനിന്ന് ഇറങ്ങിപ്പോയത്. രണ്ട് മിനിറ്റ് മാത്രമാണ് ഗവർണർ നിയമസഭയിൽ നിന്നത്. സഭയിലെത്തിയ ഗവർണർക്കെതിരെ ഡി.എം.കെ സഖ്യ എം.എൽ.എമാർ സഭയിൽ പ്രതിഷേധിക്കുകയും ചെയ്തു. സ്പീക്കർ സ്വീകരിച്ച് നിയമസഭക്ക് അകത്തേക്ക് ഗവർണർ എത്തിയതിനു പിന്നാലെ കോൺഗ്രസ് എം.എൽ.എമാർ പ്രതിഷേധ മുദ്രാവാക്യം ഉയർത്തി. അതേസമയം നിയമസഭക്ക് പുറത്ത്, അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസിൽ നടപടി വൈകുന്നതിൽ എ.ഐ.എ.ഡി.എം.കെ പ്രതിഷേധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe